ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച യുവതിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. തിരുപ്പൂരിലെ ആത്തുപാളയത്ത് വ്യാഴാഴ്ചയാണ് സംഭവം. ദ്രാവിഡര്‍ വിടുതലൈ കഴകം എന്ന രാഷ്ട്രീയ സംഘടനയിലെ അംഗമായ സംഗീത എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്.
തിരുപ്പൂര്‍ ബി.ജെ.പി സ്ഥാനാര്‍ഥി എ.പി മുരുകാനന്ദത്തിന് വേണ്ടി ബി.ജെ.പി കേഡര്‍ പ്രചരണം നടത്തുമ്പോഴാണ് സംഗീത ജിഎസ്ടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, തങ്ങളുടെ പ്രചാരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് സംഗീതയെ ബി.ജെ.പി പ്രവര്ത്തകന് കുറ്റപ്പെടുത്തുന്നത് കേള്‍ക്കാം. എന്തിനാണ് ജിഎസ്ടിയെക്കുറിച്ച് ചോദിച്ചതെന്ന് പറഞ്ഞ് ഒരാള്‍ സംഗീതക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. സംഗീത തന്നെയാണ് ഈ സംഭവം മുഴുവന്‍ ഫോണില്‍ റെക്കോഡ് ചെയ്തത്. അതിനിടയില്‍ അടുത്തുള്ള ഒരാള്‍ ഫോണ്‍ കൈക്കലാക്കുന്നതിനിടയില്‍ ഒരാള്‍ തന്നെ അടിച്ചെന്ന് സംഗീത പറയുന്നത് കേള്‍ക്കാം.
അരി, ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്ക് എന്തിനാണ് ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നുവെന്നും യുവതി പറയുന്നു. ”മോദിയുടെ ഭരണത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെട്ടുവെന്ന് അവര്‍ വാദിക്കുകയായിരുന്നു. സാനിറ്ററി നാപ്കിനുകള്‍ക്ക് എന്തിനാണ് ജിഎസ്ടി എന്നാണ് ഞാന്‍ ചോദിച്ചത്. താമസിയാതെ, മറ്റുള്ളവരും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. ഞാന്‍ എന്റെ കടയില്‍ തിരിച്ചെത്തി, കുറച്ച് കഴിഞ്ഞ് പത്ത് പേര് വന്നു. അവര്‍ എന്നോട് അപകീര്‍ത്തികരമായി സംസാരിച്ചു, ചിന്നസാമി എന്ന വ്യക്തി എന്നെ ആക്രമിച്ചു” സംഗീത പറഞ്ഞു. യുവതി വേളംപാളയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.