ഊര്‍ജ്ജം ഉള്ളിലുണ്ട്, അത് ഉപയോഗിക്കുക; വിജയം ഉറപ്പ്
വെളിച്ചം
തനിക്ക് ഒരു കാര്യത്തിലും ഉത്സാഹമില്ല എന്നതായിരുന്നു അയാളുടെ പരാതി. പരിഹാരം തേടി പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു. കുറെ പ്രഭാഷണങ്ങള്‍ കേട്ടു. മോട്ടിവേഷന്‍ വീഡിയോകള്‍ കണ്ടു. സുഹൃത്തുക്കളോടപേക്ഷിച്ചു, തന്നെ പ്രോത്സാഹിപ്പിക്കണമെന്ന് . പക്ഷേ, ഒരു പ്രയോജനവും ഉണ്ടായില്ല. അയാള്‍ ഡോക്ടറോട് തന്റെ അവസ്ഥ വിവരിച്ചു. എല്ലാം കേട്ട ശേഷം ഡോക്ടര്‍ പറഞ്ഞു:
“മറ്റാരെങ്കിലും പ്രോത്സാഹിപ്പിക്കുമെന്ന് കരുതിയാല്‍ ആരും ഒന്നും ചെയ്യില്ല. ഇപ്പോല്‍ തല്‍ക്കാലം നിങ്ങൾ ഒരു പോയി ഒരു കാപ്പി കുടിക്കൂ, എന്തുവന്നാലും ചെയ്യുമെന്ന് തീരുമാനിക്കുക. തുടരുക.. അത്രതന്നെ…!”
എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുളളവര്‍ നൂറ് പ്രശ്‌നങ്ങള്‍ക്കിടയിലും അത് ചെയ്യും. പക്ഷേ, ഒന്നും ചെയ്യാനാഗ്രഹമില്ലാത്തവര്‍ നൂറ് അനുകൂലഘടകങ്ങള്‍ ഉണ്ടെങ്കിലും ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തും.
പ്രചോദനത്തേക്കാള്‍ പ്രധാനം തീരുമാനമാണ്. നേടണമെന്ന് വാശിയില്ലാത്തവര്‍ ചെറിയ പ്രശ്‌നങ്ങളില്‍ പോലും തട്ടിവീഴും. പക്ഷേ, തുടരണമെന്നാണ് ആഗ്രഹമെങ്കില്‍ എത്ര പ്രതിസന്ധിയിലും അവര്‍ അത് തുടങ്ങുകയും തുടരുകയും ചെയ്യും. ആരേയും ഉത്തേജിപ്പിക്കാന്‍ ഒന്നും ഉടലെടുക്കുന്നില്ല.
മുന്നില്‍ ചിലത് സംഭവിക്കുമ്പോള്‍ ചിലര്‍ അത് പ്രേരകശക്തിയായും ചിലര്‍ അത് പ്രതിബന്ധമായും കാണുന്നു. ആത്മബോധമുളളവര്‍ നങ്കൂരമിടുന്നത് അവനവനില്‍ തന്നെയാണ്. നമുക്കുളള ഊര്‍ജ്ജം നമ്മുടെ ഉള്ളില്‍ നിന്നുതന്നെ ഉയരട്ടെ.
ആത്മവിശ്വാസം നിറഞ്ഞ ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ