SportsTRENDING

42 പന്തിൽ 69 റൺസുമായി സഞ്ജു സാംസൺ; തുടർച്ചയായ നാലാമത്തെ വിജയവുമായി രാജസ്ഥാൻ റോയൽസ് 

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വിജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്.
ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍  രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.
സെഞ്ച്വറിയുമായി ജോസ് ബട്ട്ലർ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും ഉറച്ച പിന്തുണ നൽകി.ജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ സിക്‌സർ അടിച്ചാണ് ബട്ട്ലർ വിജയം ആഘോഷിച്ചത്. ഈസമയം ബട്ട്ലർ സെഞ്ച്വറിക്ക് ആറ് റൺസ് അകലെയായിരുന്നു. അവിടെ നിന്നാണ് സിക്‌സർ അടിച്ച് തന്റെ സെഞ്ച്വറിയും ടീമിന്റെ ജയവും ഇംഗ്ലീഷ് ബാറ്റർ നേടിയെടുത്തത്.
ബട്ട്ലറിന് ഉറച്ച പിന്തുണ നൽകിയ സഞ്ജു സാംസൺ 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 69 റണ്‍സെടുത്താണ് മടങ്ങിയത്.
അതേസമയം ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4000 റണ്‍സ് പിന്നിട്ട എലൈറ്റ് ബാറ്റർമാരുടെ പട്ടികയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഐപിഎല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ തന്‍റെ ആദ്യ ബൗണ്ടറി നേടിയതോടെയാണ് സഞ്ജു ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗിലെ നാലായിരം റണ്‍സ് ക്ലബില്‍ എത്തിയത്. റോയല്‍സ് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ യഷ് ദയാലിനെതിരെ സ്ക്വയറിലൂടെ ഫോർ നേടിയായിരുന്നു സഞ്ജു നാഴികക്കല്ലിലേക്ക് കുതിച്ചത്.
ഐപിഎല്ലില്‍ നാളിതുവരെ 16 താരങ്ങളാണ് നാലായിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ളത്. എന്നാല്‍ മൂന്നേ മൂന്ന് പേർക്ക് മാത്രമേ സഞ്ജു സാംസണിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 137.23 പ്രഹരശേഷിയിലാണ് സഞ്ജു 4000 റണ്‍സ് തികച്ചത്. അതേസമയം ഇതിഹാസ താരങ്ങളായ എ ബി ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്‍ല്‍ (148.96), ഡേവിഡ് വാർണർ (140) എന്നിങ്ങനെയാണ് സഞ്ജുവിന് മുന്നിലുള്ള മൂവരുടെയും സ്ട്രൈക്ക് റേറ്റ്.
പ്രഹരശേഷിയില്‍ രോഹിത് ശർമ്മയും വിരാട് കോലിയും അടക്കമുള്ള ജീനിയസുകള്‍ക്ക് മുകളിലാണ് എന്നത് ട്വന്‍റി 20 ഫോർമാറ്റില്‍ നടക്കുന്ന ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ കണക്കിലെ തൂക്കം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബെംഗളൂരു നിശ്ചിത 20 ഓവറില് 3 വിക്കറ്റ് നഷ്ടത്തില് 183 റണ്സാണ് എടുത്തത്. പേസർമാർ തുടക്കത്തിലെ അടി വാങ്ങിയപ്പോള് സ്പിന്നർമാരെ ഇറക്കിയുള്ള ക്യാപ്റ്റന് സഞ്ജു സാംസണ്‍ പയറ്റിയ മറുതന്ത്രമാണ് 200 അനായാസം കടക്കേണ്ടിയിരുന്ന ബെംഗളൂരുവിന് പിന്നോട്ടടിച്ചത്.

എട്ടാം ഐപിഎൽ സെഞ്ചുറി നേടിയ കോഹ്ലി 72 പന്തിൽ 113 റൺസുമായി പുറത്താവാതെ നിന്നു.

Back to top button
error: