കോട്ടയം: ”അപ്പ ഉണ്ടായിരുന്നെങ്കില്‍ ചെയ്യുമായിരുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ. അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യത്തില്‍ ഈ ചടങ്ങ് ഒരു നിയോഗമായി ഞങ്ങള്‍ ഏറ്റെടുക്കുകയാണ്”. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കബറിനെ സാക്ഷിയാക്കി പ്രിയ പത്‌നി മറിയാമ്മ ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയ വികാരനിര്‍ഭരമായ ചടങ്ങില്‍ അഡ്വ.ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെതാണ് ഈ വാക്കുകള്‍.
പിതാവിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് മാതാവ് മറിയാമ്മ ഉമ്മന്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുകയാണെന്നും അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം ഉറപ്പാണെന്നും എം എല്‍ എ പറഞ്ഞു. പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചതിനു ശേഷം ഐക്യജനാധിപത്യമുന്നണി നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം സ്ഥാനാര്‍ഥിയ്ക്ക് തുക കൈമാറിയത്.
മാത്യകാ പരമായി പൊതുരംഗത്ത് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് കാണിച്ചു തന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും പകര്‍ന്നു നല്‍കിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഓരോ യു ഡി എഫ് പ്രവര്‍ത്തകന്റെ ലക്ഷ്യമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയലക്ഷ്യം കാണുമെന്നും അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജോഷി ഫിലിപ്പ് ,കുഞ്ഞ് പുതുശ്ശേരി, മാത്യു കോര, സാജു എം.ഫിലിപ്പ്, ടി.എം ആന്റണി, രാധ വി.നായര്‍ ,കെ.കെ രാജു, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.