IndiaNEWS

ഇ.ഡി വേട്ടകൾ വോട്ടാകില്ല; ബിജെപിയുടെ നില ഇത്തവണ പരുങ്ങലിലെന്ന് റിപ്പോർട്ട്‌ 

ന്യൂഡൽഹി: ഇ.ഡി. വേട്ടകളും ആദായനികുതി വകുപ്പിന്റെ നോട്ടീസുകളും തുറുപ്പ് ചീട്ടാക്കി പ്രതിപക്ഷത്തെ വേട്ടയാടുന്ന ബി.ജെ.പിക്ക് ഇതെല്ലാം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സൂചന.

നീക്കം തിരഞ്ഞെടുപ്പ് കളത്തില്‍ ഭരണപക്ഷത്തിന് പ്രതീക്ഷിച്ച നേട്ടമാകാനിടയില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.ഡല്‍ഹി ഉള്‍പ്പെടെ പല മേഖലകളിലും ഇത് ബിജെപിക്ക് തിരിച്ചടിയായേക്കും. തിരഞ്ഞെടുപ്പിന് നടുവില്‍ പ്രതിപക്ഷ ക്യാമ്ബിന്റെ ആത്മവീര്യം തകർക്കാൻ പ്രയോഗിക്കുന്ന ആയുധങ്ങള്‍ ഇന്ത്യസഖ്യത്തിന്റെ ഐക്യനീക്കങ്ങള്‍ക്ക് എണ്ണ പകരുന്നെന്നതാണ് പുതിയ കാഴ്ച.

ഇ.ഡി.യുടെ തിരഞ്ഞുവെട്ടിനും പഴയ കേസുകള്‍ തപ്പിയെടുത്തുള്ള ഐ.ടി. വകുപ്പിന്റെ ആസൂത്രിത നീക്കങ്ങള്‍ക്കുമെതിരേ ഞായറാഴ്ച ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് ഇന്ത്യസഖ്യമുയർത്തിയത് അത്തരമൊരു പ്രതിരോധമാണ്.

Signature-ad

ആരോപണ-പ്രത്യാരോപണങ്ങളും വാക് യുദ്ധങ്ങളും അരങ്ങേറുന്ന പതിവുവിട്ട് ഇക്കുറി കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമ്മർദമാണ് ലോക്സഭാ തിരഞ്ഞെടുപ്പുകളത്തെ പിരിമുറുക്കത്തിലാഴ്ത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ടുപോകുന്നതിനിടയില്‍ മുഖ്യമന്ത്രിമാരടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റുകള്‍ ഇതിന് ആക്കംകൂട്ടുന്നു.

 

കെജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവും ഡല്‍ഹിയിലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലും ബി.ജെ.പി.യെ പ്രതികൂല ചർച്ചകളിലേക്കാണ് വലിച്ചിറക്കിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്ബോള്‍ത്തന്നെ കെജ്രിവാള്‍ രാജിവെക്കുമെന്ന ധാരണയും തെറ്റി. ജയിലിലും നേതൃത്വം തുടരാനുള്ള കെജ്രിവാളിന്റെ തീരുമാനം ആം ആദ്മി പാർട്ടിയുടെ പോരാട്ടവീര്യത്തെ ആളിക്കത്തിക്കുകയും വൈകാരിക ചർച്ചകള്‍ക്ക് ഇടംതുറക്കുകയും ചെയ്തു.

 

ഇന്ത്യസഖ്യത്തില്‍നിന്ന് പിണങ്ങിനിന്ന ടി.എം.സി. പ്രതിപക്ഷ ക്യാമ്ബില്‍ തിരിച്ചെത്തിയത് ഈ ഊർജത്തിന്റെ ബലത്തിലാണ്. സംഹരിക്കാനെറിയുന്ന ആയുധം പിടിച്ചെടുത്ത് പ്രതിരോധിക്കുകയും തിരിച്ച്‌ പ്രയോഗിക്കുകയും ചെയ്യുന്ന യുദ്ധമുറകളിലൊന്നായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവേട്ട മാറുമെന്നാണ് സൂചനകൾ.

2022 മുതല്‍ത്തന്നെ കേന്ദ്ര ഏജൻസികള്‍ പ്രതിപക്ഷത്തെ വട്ടമിട്ടുപറക്കാൻ തുടങ്ങിയിരുന്നു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെയാണ് തുടക്കത്തില്‍ ലക്ഷ്യമിട്ടതെങ്കിലും ഇന്ത്യസഖ്യം രൂപമെടുത്തതോടെ പ്രതിപക്ഷനിരയിലെ പ്രാദേശിക പാർട്ടികളെയും ബിജെപി നോട്ടമിട്ടുതുടങ്ങി.എന്നാൽ ഭീഷണിയിലും പ്രലോഭനത്തിലും കളംമാറാൻ തയ്യാറായവർക്കെതിരേ കേസില്ല !

 

ലോക്സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കേ, ഇ.ഡി. അന്വേഷണങ്ങളും അറസ്റ്റുകളും പ്രതിപക്ഷനേതാക്കള്‍ക്കുനേരെ നിരന്തരം അരങ്ങേറുന്നതിനെതിരേ പൊതുസമൂഹത്തില്‍ ചർച്ചകളുയരുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിച്ചേക്കാം.ഇത് മുന്നിൽകണ്ടാണ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടപടികള്‍ നിർത്തിവെക്കാവുന്നതാണെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറൈഷി പറഞ്ഞത്.എന്നാല്‍, അന്വേഷണ ഏജൻസികളോ സർക്കാരോ അല്ല, കേസുകളില്‍ തീർപ്പുകല്പിക്കുന്നത് കോടതികളാണെന്നാണ് ബിജെപിയുടെ ന്യായീകരണം.

Back to top button
error: