IndiaNEWS

മണിപ്പൂരിൽ നാലു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു;ബിഹാറില്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇംഫാൽ :മണിപ്പൂരില്‍ മുൻ എം.എല്‍.എ അടക്കം നാലു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു. മുന്‍ യായ്‌സ്‌കുള്‍ എം.എല്‍.എ.എലംഗ്ബം ചന്ദ് സിങ്, സഗോല്‍സെം അചൗബ സിങ്, അഡ്വ. ഒയ്‌നാം ഹേമന്ദ സിങ്, തൗഡം ദേബദത്ത സിങ് എന്നിവരാണ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ ഇംഫാലിലുള്ള കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങില്‍ ഡോ. അംഗോംചാ ബിമോല്‍ അകോയ്ജാം ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് അംഗോംചാ.

സമത്വത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള ചരിത്രമാണ് മണിപ്പൂരിന്റേത്. പണവും അക്രമവും കൊണ്ട് നാടിന്റെ സമാധാനപരമായ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തള്ളിക്കളയണം. നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഓരോ മണിപ്പൂരുകാരനും ഒരുമിക്കേണ്ടത് അനിവാര്യമാണെന്നും അകോയ്ജാം പറഞ്ഞു.

Signature-ad

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന്  ബിജെപി എംപി കോണ്‍ഗ്രസില്‍ ചേർന്നു.മുസഫർപുർ എംപി അജയ് നിഷാദാണ് ബിജെപിയില്‍ നിന്നും രാജി വച്ചത്. ബിജെപിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് എക്സില്‍ കുറിച്ച അജയ് ബിജെപിയിലെ എല്ലാ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വയ്ക്കുന്നതായി വ്യക്തമാക്കി.

രണ്ട് തവണ മുസഫർപുർ മണ്ഡലത്തില്‍ നിന്നും എംപിയായി ലോക്സഭയിലെത്തിയ അജയ് നിഷാദിന് ബിജെപിയുടെ അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോള്‍ സീറ്റ് നിഷേധിക്കുകയായിരുന്നു. 2019 ല്‍ നാലു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇത്തവണ മുസഫർപുരില്‍ നിന്ന് രാജ് ഭൂഷണ്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും.

Back to top button
error: