KeralaNEWS

ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല: എം.ടി രമേശ്

കോഴിക്കോട്: ബീഫ് പശുവാണെന്നതു തെറ്റിദ്ധാരണയാണെന്നും അതു കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ലെന്നും കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയും മുതിർന്ന ബി.ജെ.പി നേതാവുമായ എം.ടി രമേശ്.

പൊതുവെ മലയാളികള്‍ എല്ലാവരും കഴിക്കുന്ന വിഭവമാണ് ബീഫ്. അതില്‍ ബി.ജെ.പിക്കാരും ഉണ്ടാകും. ഇഷ്ടമുള്ളവർക്കു കഴിക്കാമെന്നും രമേശ് പറഞ്ഞു.

ഇഷ്ടമുള്ളയാളുകള്‍ക്ക് പുട്ടിന്റെ കൂടെ ബീഫ് നല്ല കോമ്ബിനേഷനാണ്. ഞാൻ ബീഫ് കഴിക്കാറില്ല എന്നേയുള്ളൂ. കഴിക്കുന്നവരോട് ഒരു വിരോധവുമില്ല. കഴിക്കരുതെന്ന നിലപാടുമില്ല. ഇഷ്ടമുള്ളവർക്ക് ബീഫ് കഴിക്കാം. ബി.ജെ.പിക്കാർ ബീഫ് കഴിക്കില്ലെന്നൊന്നുമില്ല. ഇഷ്ടമുള്ളവർ കഴിക്കാറുണ്ട്. ബി.ജെ.പിക്കാരായതുകൊണ്ട് ബീഫ് കഴിക്കാൻ പാടില്ലെന്ന നിയമമൊന്നുമില്ലെന്നും രമേശ് കൂട്ടിച്ചേർത്തു.

ഭക്ഷണം ഓരോരുത്തർക്കും അവരവരുടെ താല്‍പര്യം അനുസരിച്ചു കഴിക്കാം. വോട്ട് ചോദിക്കാൻ പോകുമ്ബോള്‍ ബീഫ് വിഷയം ആരും ചോദിക്കാറില്ല. ഇതൊക്കെ വെറും പ്രചരണം മാത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. അവരുടെ ജീവിതപ്രശ്‌നങ്ങളെക്കുറിച്ചാണ് ആളുകള്‍ പറയുകയെന്നും രമേശ് പറഞ്ഞു. വെള്ളം കിട്ടാത്തതിനെ കുറിച്ചും പെൻഷൻ കിട്ടാത്തതിനെ കുറിച്ചും റേഷൻ കടകളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് അരി കിട്ടാത്തതിനെ കുറിച്ചുമെല്ലാം ആളുകള്‍ പരാതിയായി പറയാറുണ്ട്. കഴിക്കാൻ ബീഫ് കിട്ടാറില്ലെന്ന് ആരും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല.

ഞാൻ വെജിറ്റേറിയനല്ല. രാവിലെ കഴിക്കാറില്ല എന്നു മാത്രമേയുള്ളൂ. മീൻ നല്ല ഇഷ്ടമാണ്. ചിക്കനെക്കാള്‍ ഇഷ്ടം മീനാണ്. ഉച്ചക്ക് ഒരു മീൻകറിയും ചോറും കിട്ടിയാല്‍ മതിയെന്നും രമേശ് പറഞ്ഞു.

എല്ലാ മതവിശ്വാസികളുമുള്ള പാർട്ടിയാണ് ബി.ജെ.പി. പാർട്ടി അമ്ബലവും പള്ളിയും ഉണ്ടാക്കാറില്ല.രാമക്ഷേത്രം അമ്ബലം മാത്രമല്ല, നമ്മുടെ നാടിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. 500 വർഷമായുള്ള പരിശ്രമമാണ്. രാമക്ഷേത്ര നിർമാണത്തിന് സഹായകരമായ നിയമപരമായ തടസങ്ങള്‍ നീക്കുമെന്നാണ് ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞത്. കോടതിവിധി വരെ കാത്തിരുന്നു. വിധി വന്ന ശേഷം നിയമപരമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. അതിലൊന്നും സർക്കാരിനു പങ്കില്ല. അയോധ്യയില്‍ രാമക്ഷേത്രം നിർമാക്കാൻ വേണ്ടി ഞങ്ങള്‍ ഒരിടത്തും വോട്ട് ചോദിച്ചിട്ടില്ല. രാമക്ഷേത്രം നിർമിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കു സഹായം ചെയ്തുകൊടുക്കുമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. തന്റെ ഏറ്റവും അടുത്ത ആറോ ഏഴോ സുഹൃത്തുക്കളില്‍ രണ്ടുമൂന്നു പേർ മുസ്‌ലിംകളാണെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.

Back to top button
error: