KeralaNEWS

നാലു ജില്ലകളിൽ കടലാക്രമണം,ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ കടലാക്രമണത്തെ തുടർന്ന് നാലു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകി.നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് പുല്ലുവിള മുതല്‍ പൊഴിയൂർ വരെയും പൂന്തുറ , വലിയതുറ, കോവളം ഭാഗങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായത്.

Signature-ad

ഇന്ന് ഉച്ചകഴിഞ്ഞതോടെയാണ് തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായത്. പൊഴിയൂരില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമ്ബതോളം വീടുകളില്‍ വെള്ളം കയറിയതായാണ് വിവരം. പൊഴിക്കരയില്‍ റോഡ് പൂർണമായി വെള്ളത്തിനടിയിലായി. മുൻകരുതലിന്റെ ഭാഗമായി പൊഴിയൂരില്‍ മാത്രം പത്തോളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തീരപ്രദേശത്ത് കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരത്ത് കടലാക്രമണം ഉണ്ടായത്. കോവളത്ത് തീരത്തെ കടകളില്‍ വെള്ളം കയറിയതിനെ തുടർന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേർപ്പെടുത്തി. കടലില്‍ ഇറങ്ങുന്നതിനും നിരോധനമുണ്ട്.

കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറി. ശക്തമായ കാറ്റും അനുഭവപ്പെട്ടു. .

ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞവഴി. ചേർത്തല. പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. തൃശൂരില്‍ പെരിഞ്ഞനത്തും ആറാട്ടുപുഴയിലുമാണ് കടല്‍വെള്ളം കരയിലേക്ക് കയറിയത്. തൃക്കുന്നപ്പുഴ വലിയഴിക്കല്‍ റോഡില്‍ ഗതാഗതം നിലച്ചു. പെരിഞ്ഞനം ബീച്ചില്‍ കടല്‍ഭിത്തിയും കടന്നാണ് കടല്‍വെള്ളം കരയിലേക്ക് കയറിയത്.

Back to top button
error: