IndiaNEWS

സ്‌കൂട്ടറിലിരുന്ന് ഹോളി വീഡിയോ; എട്ടിന്റെ പണി കൊടുത്ത് പൊലീസ്, 33,000 രൂപക്ക് പുറമെ 47,500 കൂടി പിഴ

ന്യൂഡല്‍ഹി: സ്‌കൂട്ടറിലിരുന്ന് ഹോളി ആഘോഷിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ ഇത് പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ നോയിഡ പൊലീസ് 33,000 രൂപ പിഴ ചുമത്തിയിരുന്നു. എന്നാല്‍, അവിടം കൊണ്ട് തീരുന്നില്ല. ഇപ്പോഴിതാ 47,500 രൂപ കൂടി പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്. ഇതോടെ ഇവര്‍ ആകെ അടക്കേണ്ട പിഴത്തുക 80,500 രൂപയായി.

സംഭവത്തില്‍ ലോക്കല്‍ പൊലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 25 നാണ് വീഡിയോ ആദ്യമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. യുവാവ് സ്‌കൂട്ടര്‍ ഓടിക്കുകയും അതിന് പിന്നില്‍ രണ്ടുപെണ്‍കുട്ടികള്‍ നിറങ്ങള്‍ വാരിപൂശുന്നതുമായ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ അശ്ലീല ചുവയോടു കൂടിയതാണെന്നായിരുന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നത്. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ആദ്യം 33,000 രൂപ പിഴ ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കാതെയാണ് മൂന്നുപേരും സഞ്ചരിച്ചത്. സ്‌കൂട്ടര്‍ ഉടമ 80,500 രൂപ പിഴയൊടുക്കമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അനില്‍ കുമാര്‍ യാദവ് പിടിഐയോട് പറഞ്ഞു.ഇരുചക്ര വാഹനമോ നാലു ചക്ര വാഹനമോ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കുന്നത് പോലെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും റോഡ് സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാനും യാദവ് അഭ്യര്‍ഥിച്ചു.

അശ്രദ്ധയോടെ വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുക, പൊതു സ്ഥലത്ത് അശ്ലീലപ്രവൃത്തിയിലേര്‍പ്പെടുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Back to top button
error: