മലപ്പുറം: ലൈംഗീകാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ വീണ്ടും ശിക്ഷവിധിച്ച് പെരിന്തല്‍മണ്ണ അതിവേഗ കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.
പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ആഷിക് 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.
സമാനകേസില്‍ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 80 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു.
2019-ലെ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സി.കെ. നൗഷാദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി.