ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. ജലന്ധര്‍ എംപി സുശീല്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അംഗുരല്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സംസ്ഥാനത്ത് എഎപിയുടെ ഏക സിറ്റിങ് എംപിയായ സുശീല്‍ കുമാര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. 2023ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീല്‍ കുമാര്‍ പാര്‍ലമെന്റിലെത്തിയത്. ഇത്തവണ ജലന്ധറില്‍ അദ്ദേഹത്തെ എഎപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു പാര്‍ട്ടി വിട്ടത്.
ലുധിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി രവ്‌നീത് ബിട്ടു ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിട്ടു ബിജെപിയിലെത്തിയത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊച്ചുമകനാണ് അദ്ദേഹം. ജൂണ്‍ 1ന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ 13 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 4നാണ് ഫലപ്രഖ്യാപനം.