മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയുമൊക്കെ ഉടമകളായ മെറ്റയുടെ സി.ഇ.ഒ. മാർക്ക് സക്കർബെർഗും മുതല്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളുമൊക്കെ നിറഞ്ഞ സത്കാരത്തില്‍ വിതരണം ചെയ്ത യോഗർട്ട് കേരളത്തിലെ ഒരു കമ്ബനി ഉത്പാദിപ്പിച്ചതാണ്.
തൃശ്ശൂർ ഒരുമനയൂർ സ്വദേശി നഹാസ് ബഷീർ എന്ന യുവ സംരംഭകന്റെ ഉടമസ്ഥതയില്‍ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്രെംബെറി’ എന്ന ഡെയറി സ്റ്റാർട്ടപ്പിന്റെ യോഗർട്ടാണ് അനന്ത് അംബാനിയുടെ വിവാഹ സത്കാരത്തിന് വിതരണം ചെയ്തത്.
എട്ടുവർഷം മുൻപാണ് ഖത്തറിലെ ജോലി ഉപേക്ഷിച്ച് നഹാസ് ബഷീർ നാട്ടിലെത്തിയത്. സംരംഭകക്കുപ്പായമായിരുന്നു സ്വപ്നം. യോഗർട്ട് എന്ന ഒരിനം കട്ടത്തൈരിന് നാട്ടില്‍ വലിയ സാധ്യതയുണ്ടാകുമെന്ന് നഹാസിന് തീർച്ചയായിരുന്നു. മൂന്നു വർഷമെടുത്തു ആദ്യ ഉത്പന്നം വികസിപ്പിക്കാനും അതെക്കുറിച്ച് പഠിക്കാനും. 2019-ല്‍ സംരംഭത്തിന് തുടക്കമിട്ടെങ്കിലും 2020-ല്‍ കോവിഡ് മഹാമാരിക്ക് തൊട്ടുമുൻപാണ് ഉത്പന്നം അവതരിപ്പിച്ചത്. സൗജന്യ സാംപിളുകള്‍ വിതരണം ചെയ്ത് ഉത്പന്നത്തെക്കുറിച്ച് വിശ്വാസം നേടിയെടുക്കാൻ നഹാസ് ആ സമയം ചെലവഴിച്ചു.
പ്ലെയിൻ യോഗർട്ടാണ് ആദ്യം അവതരിപ്പിച്ചതെങ്കിലും ഇന്ന് ഫ്രൂട്ട് ബേസ്ഡ് യോഗർട്ടുകളാണ് ക്രെംബെറിയുടെ ശക്തി. ‘ട്രാവൻകൂർ ട്രെഡീഷൻ’ എന്ന പേരില്‍ സംഭാരത്തിന്റെ രുചിയിലുള്ള യോഗർട്ട് അവതരിപ്പിച്ചതും വിപണിയില്‍ ശ്രദ്ധ നേടി. ലസ്സി, തൈര് എന്നിവയാണ് മറ്റ് ഉത്പന്നങ്ങള്‍.
ഇന്ന് കേരളത്തിലെ മുൻനിര സൂപ്പർമാർക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ ക്രെംബെറി ഉത്പന്നങ്ങള്‍ ലഭ്യമാണ്. ബെംഗളൂരു, കോയമ്ബത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും ഉത്പന്നങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബ്രേക്ക് ഫാസ്റ്റ് ബുഫെയില്‍ ക്രെംബെറിയുണ്ട്.
തൃശ്ശൂർ ഒരുമനയൂർ മൂന്നാംകല്ല് പണിക്കവീട്ടില്‍ കുറുപ്പത്ത് പരേതനായ പി.കെ. ബഷീറിന്റെയും ഷൈന ബഷീറിന്റെയും മകനാണ് നഹാസ്.