IndiaNEWS

ഹൂതികൾക്ക് മുന്നിൽ നെഞ്ച് വിരിച്ച് ഇന്ത്യൻ നേവി; വിവിധ ദൗത്യങ്ങളിലൂടെ 45 ഇന്ത്യക്കാരും 65 വിദേശ പൗരന്മാരുമുള്‍പ്പെടെ രക്ഷിച്ചത് 110 പേരുടെ ജീവൻ

മുംബൈ: ലോക ശക്തികൾ പതറുമ്പോൾ കടലിലെ രാജാക്കന്മാരാണ് തങ്ങളെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേന.അതാകട്ടെ മലയാളിയായ നാവിക സേനാ മേധാവി ആർ. ഹരികുമാറിന്റെ നേതൃത്വത്തിലും.

കടല്‍ക്കൊള്ളക്കാരെയടക്കം നേരിട്ട് 100 ദിവസത്തിനിടെ അറബിക്കടലിലും ഏദൻ ഉള്‍ക്കടലിലുമായി നടത്തിയ വിവിധ ദൗത്യങ്ങളിലൂടെ 45 ഇന്ത്യക്കാരും 65 വിദേശ പൗരന്മാരുമുള്‍പ്പെടെ 110 പേരുടെ ജീവനാണ് സേന രക്ഷിച്ചത്.

Signature-ad

നേവിയുടെ ‘ഓപ്പറേഷൻ സങ്കല്‍പി’ന്റെ ഭാഗമായിട്ടായിരുന്നു രക്ഷാദൗത്യങ്ങള്‍.രക്ഷപെടുത്തിയ വിദേശികളില്‍ 27 പേർ പാകിസ്ഥാനികളും 30 പേർ ഇറാനികളുമാണ്.

ചെങ്കടല്‍ മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങള്‍, അറബിക്കടലിലെയും കിഴക്കൻ സൊമാലിയൻ തീരത്തെയും കടല്‍ക്കൊള്ളക്കാരുടെ സാന്നിദ്ധ്യം എന്നീ പശ്ചാത്തലങ്ങള്‍ മുൻനിറുത്തിയാണ് നേവി ഓപ്പറേഷൻ സങ്കല്‍പ് ആരംഭിച്ചത്. ഇന്നലെ ദൗത്യത്തിന്റെ 100ാം ദിനമായിരുന്നു.

ഇക്കാലയളവിനിടെ 18 സമുദ്ര സുരക്ഷാ ദൗത്യങ്ങളിലാണ് നേവി ഭാഗമായത്. ക്രൂഡ് ഓയില്‍ അടക്കം 15 ലക്ഷം ടണ്‍ ചരക്കുകളാണ് വിവിധ വാണിജ്യ കപ്പലുകളെ രക്ഷിച്ചതിലൂടെ നേവി സുരക്ഷിതമാക്കിയത്.ഇതിനിടെ 3000 കിലോഗ്രാമിലേറെ മയക്കുമരുന്നും പിടികൂടി.

സൊമാലിയൻ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട മാള്‍ട്ട രജിസ്ട്രേഷനുള്ള എം.വി. റുവൻ എന്ന കപ്പലിനെ 40 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ ഇന്ത്യൻ നേവി രക്ഷിച്ചതും 35 കടല്‍ക്കൊള്ളക്കാരെ കീഴടക്കിയതും അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. അറബിക്കടലിലെയും ഏഡൻ കടലിടുക്കിലെയും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേന 10 യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.

യെമനിലെ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിന്റെ സായുധ സംഘമാണ് ഹൂതികള്‍. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഇസ്രായേൽ ഹമാസ് സംഘർഷത്തോടെ ചെങ്കടലിലൂടെ ചരക്കുകളുമായി പോകുന്ന കപ്പലുകള്‍ക്ക് നേരെ  ആക്രമണം നടത്തുന്നത് പതിവാക്കിയിരുന്നു. ഇവരുടെ ആക്രമണം ഇതുവഴിയുള്ള വ്യാപാരത്തെ ഉൾപ്പെടെ ബാധിച്ചിരുന്നു.ഇവരെ നേരിടുന്നതിൽ അമേരിക്കയും സഖ്യ കക്ഷികളും പരാജയപ്പെട്ട ഇടത്താണ് ഇന്ത്യൻ നേവിയുടെ വിജയം.

Back to top button
error: