KeralaNEWS

ഐസക്കിനെ ചൊറിയാൻ ചെന്ന ആന്‍റോ ആന്‍റണിക്കെതിരെ ട്രോളുകളും പരിഹാസവും

പത്തനംതിട്ട: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്‍റെ വെല്ലുവിളിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയൊതുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി.

എസ്‌എഫ്‌ഐക്കാര്‍ കൊന്ന കെഎസ്‍യുക്കാരുടെ പട്ടിക പുറത്തുവിടണമെന്നായിരുന്നു തോമസ് ഐസക്കിന്‍റെ വെല്ലുവിളി.

Signature-ad

പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയാണ് തോമസ് ഐസക് പട്ടിക പുറത്തുവിടാൻ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയെ വെല്ലുവിളിച്ചത്. വാർത്താസമ്മേളനം നടത്തി ലിസ്റ്റ് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച ആന്‍റോ ആന്‍റണി പക്ഷേ ഒടുവില്‍ ഫേസ്ബുക്ക് കുറിപ്പെഴുതി തടിയൂരുകയാണ് ചെയ്തത്.

എസ്‌എഫ്‌ഐക്കാർ കൊലപ്പെടുത്തിയ കെഎസ്‍യുക്കാരുടെ പട്ടിക വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടാമെന്ന് ആന്‍റോ ആന്‍റണി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് ദിവസത്തിനിപ്പുറവും ആന്‍റോ ആന്‍റണി വാര്‍ത്താസമ്മേളനം നടത്താതായതോടെ പ്രസ് ക്ലബ്ബിലെ സംവാദ പരിപാടിക്കിടെ തോമസ് ഐസക് ഇക്കാര്യം എടുത്തിടുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലും ആന്‍റോ ആന്‍റണിക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും വന്നു. ഇതോടെ ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ആന്‍റോ ആന്‍റണി. ഫ്രാൻസിസ് കരിയപ്പയി, സജിത്ത് ലാല്‍, ഷുഹൈബ് തുടങ്ങി ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകങ്ങള്‍ വരെ പറഞ്ഞായിരുന്നു പ്രതിരോധം.

തന്നെ പരിഹസിച്ച മന്ത്രി വീണ ജോർജ്ജിനെയും ആന്‍റോ ആന്‍റണി വിമര്‍ശിച്ചു. വീണയ്ക്ക് തന്‍റെ വകുപ്പ് ഭരിക്കാൻ പോലും അറിയില്ലെന്നാണ് ആന്‍റോ തിരിച്ചടിച്ചത്. ഇതിനിടെ ആന്‍റോ ആന്‍റണിക്ക് കവചം തീർത്ത് യുഡിഎഫുകാരും രംഗത്ത് എത്തി. എന്നാല്‍ ഫേസ്ബുക്ക് വിശദീകരണത്തില്‍ തൃപ്തരാകാത്ത ഇടതര്‍ ആന്‍റോയ്ക്കെതിരായ സോഷ്യല്‍ മീഡിയ പരിഹാസം തുടരുകയാണ്.

Back to top button
error: