2022 സെപ്റ്റംബറിലായിരുന്നു സത്യഭാമയുടെ മകൻ അനൂപുമായി പരാതിക്കാരി വിവാഹം കഴിച്ചത്. ഇതിന് ശേഷം ക്രൂരമായ സ്ത്രീധന പീഡനമാണ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീധനമായി നല്‍കിയ 35 പവൻ പോരെന്നും 10 ലക്ഷം രൂപ ഇനിയും വേണമെന്നുമായിരുന്നു സത്യഭാമയുടെ ആവശ്യം.
സ്ത്രീധനമായി നല്‍കിയ 35 പവൻ സത്യഭാമ ഊരിവാങ്ങിയെന്നും ആരോപണമുണ്ട്. ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും അനൂപിന്റെ പേരില്‍ എഴുതി നല്‍കിയ ശേഷം ഇനി തിരിച്ചുവന്നാല്‍ മതിയെന്ന് പറഞ്ഞ് സത്യഭാമ കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു.
ഒക്ടോബറില്‍ യുവതിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടില്‍ ചെന്നപ്പോള്‍, സത്യഭാമ മകന്റെ ഭാര്യയുടെ താലി വലിച്ച് പൊട്ടിച്ചെന്നും മുഖത്ത് ഇടിച്ചെന്നും തുടർന്ന് നിലത്ത് തള്ളിയിട്ടെന്നും പരാതിയില്‍ പറയുന്നു. ഇത് തടയാൻ ശ്രമിച്ച മാതാപിതാക്കളെ ആക്രമിച്ചെന്നും ആരോപണമുണ്ട്. തുടർന്നാണ് നവംബറില്‍ പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അനൂപിനെ ഒന്നാം പ്രതിയും സത്യഭാമയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാല്‍ പൊലീസ് കാര്യമായ ഇടപെടലൊന്നും ഈ കേസില്‍ നടത്തിയില്ലെന്നാണ് ആരോപണം. ഉന്നത രാഷ്ട്രീയ ഇടപെടലുകളും കേസിലുണ്ടായി എന്നാണ് സൂചന.