KeralaNEWS

ഗവര്‍ണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമസാധ്യതകള്‍ തേടി വി.സിമാര്‍; ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: ഗവര്‍ണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമപരമായ സാധ്യതകള്‍ തേടി കാലിക്കറ്റ്- സംസ്‌കൃത സര്‍വകലാശാല വി.സിമാര്‍. ചാന്‍സലറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. ഡിജിറ്റല്‍- ഓപ്പണ്‍ സര്‍വകലാശാലകളിലെ വി.സിമാരുടെ കാര്യത്തില്‍ യു.ജി.സിയുടെ കത്ത് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് രാജ്ഭവന്റെ നീക്കം.

കാലിക്കറ്റ്- സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അതുകൊണ്ടുതന്നെ നടപടി നേരിട്ട വി.സിമാര്‍ നിയമപരമായി നീങ്ങുമെന്നാണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഉടന്‍ ഇവരെ നീക്കം ചെയ്യാന്‍ കഴിയില്ല. കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിക്കണമെന്നും 10 ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പിലാക്കാന്‍ പാടുള്ളൂ എന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനകം ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങാനാകും വി.സിമാരുടെ ശ്രമം.

Signature-ad

ഗവര്‍ണറാണ് തങ്ങളെ നിയമിച്ചതെന്നും നിയമനത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും കാട്ടിയാകും കോടതിയില്‍ അപ്പീല്‍ നല്‍കുക. പുറത്താക്കല്‍ നടപടി സ്വീകരിച്ച വിവരം ഗവര്‍ണറും ഉടന്‍ ഹൈക്കോടതിയെ അറിയിക്കും. എന്നാല്‍, എസ്.എന്‍ വി.സി മുബാറക്ക് പാഷയുടെയും ഡിജിറ്റല്‍ സര്‍വകലാശാല വി.സി സജി ഗോപിനാഥിന്റെയും കാര്യത്തില്‍ രാജ്ഭവന് ചില ആശയക്കുഴപ്പങ്ങളുണ്ട്.

സര്‍വകലാശാല ആരംഭിക്കുമ്പോള്‍ സ്വന്തം നിലയ്ക്ക് സര്‍ക്കാറിന് വി.സിയെ തീരുമാനിക്കാമെന്ന ചട്ടപ്രകാരമാണ് ഇരുവരും നിയമിക്കപ്പെട്ടത്. അതേസമയം, സര്‍വകലാശാലക്ക് അംഗീകാരം ലഭിച്ചാല്‍ സെര്‍ച്ച് കമ്മിറ്റി വഴി പുതിയ ആളെ കണ്ടെത്തണമെന്നും ചട്ടത്തിലുണ്ട്. ഇത് സംബന്ധിച്ച വ്യക്തത യു.ജി.സിയുടെ ഭാഗത്ത് നിന്ന് ലഭിച്ചാല്‍ ഉടന്‍ അതിലും നടപടി പ്രതീക്ഷിക്കാം.

 

Back to top button
error: