സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ, 21 കോടിയിൽപ്പരം വനിതാ ഇടപാടുകാരുടെ പിന്തുണയും സംഭാവനകളും അംഗീകരിച്ചു കൊണ്ട് അന്താരാഷ്ട്ര വനിതാദിനം ഉജ്വലമായി ആഘോഷിക്കുന്നു.
മാർച്ച് 11 ന് സംസ്ഥാനത്തുടനീളം ‘നാരീ ശക്തി’ എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലൂം, മറ്റിടങ്ങളിലുമായി 27 പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനവിപണന മേള സംഘടിപ്പിക്കുന്നു.
എസ് ബി ഐയുടെ വിജയം കൈവരിച്ച വനിതാ സംരംഭകർക്ക് മേളയിൽ വേദിയൊരുക്കി കൊണ്ടാണ് വനിതാദിനം ആഘോഷിക്കുന്നത്. ഇവരുടെ വിജയ പാത പിന്തുടരാൻ വളർന്നു വരുന്ന വനിതാ സംരംഭകർക്കും ഇത് പ്രേരണയാകുന്നു.
മേളയിലെ സ്റ്റാളുകളിൽ വനിതാ സംരംഭകർ അവരുടെ ഉൽപ്പന്നങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിക്കും.
മെഡിക്കൽ ക്യാമ്പുകൾ, പ്രവർത്തന മേഖലകളിൽ വിജയികളായ സ്ത്രീകൾ അനുഭവം പങ്കിടുന്ന സെഷനുകൾ,
പ്രാദേശിക സംരംഭകരുടെ സാന്നിധ്യം, മാർഗനിർദ്ദേശങ്ങളുമായി പ്രമുഖ വ്യക്തികൾ തുടങ്ങിയവയും മേളയുടെ പ്രത്യേകതയാണ്.
മുതിർന്ന വനിതാ ബാങ്ക് ഉദ്യോഗസ്ഥർ സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് വീട്ടമ്മമാർക്കുവേണ്ടി നടത്തുന്ന സെഷനും പ്രമുഖ വ്യക്തികളുടെ മോട്ടിവേഷണൽ ക്ലാസുകളും ഉണ്ടായിരിക്കും.
അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കാൻ സജ്ജമാക്കുന്ന ഈ പ്രദർശനവിപണന മേളകൾ സന്ദർശിക്കുന്നതിനും ആഘോഷത്തിന്റെ ഭാഗമാകുന്നതിനും എസ്.ബി.ഐ ഏവരെയും ക്ഷണിക്കുന്നു.