ഇസ്ലാമാബാദ്: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും (പിഎംഎല്‍എന്‍) ധാരണയായി. പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്നു ഇന്നലെ രാത്രി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവും. ദേശീയ അസംബ്ലിയില്‍ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് (പാക്കിസ്ഥാന്‍) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന കക്ഷിയില്‍ ചേര്‍ന്നു സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായില്ലെന്നും ഭൂട്ടോ പറഞ്ഞു.
തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഈ മാസം 8 നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച പിടിഐ സ്ഥാനാര്‍ഥികള്‍ 93 സീറ്റില്‍ വിജയിച്ചു. സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാന്‍ ഖാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാന്‍ സൈന്യം ഇടപെട്ട് പിപിപിയെ അനുനയിപ്പിച്ചാണു സഖ്യത്തിലേക്കു കൊണ്ടുവന്നതെന്നു റിപ്പോര്‍ട്ടുണ്ട്.
ഈ മാസം 29ന് ആണു പാര്‍ലമെന്റ് സമ്മേളനം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷഹബാസ് ഷരീഫിനെ പിന്തുണയ്ക്കുന്നതിനു പകരമായി പ്രസിഡന്റ്, സെനറ്റ് ചെയര്‍മാന്‍, സ്പീക്കര്‍ സ്ഥാനങ്ങളാണ് പിപിപി ആവശ്യപ്പെട്ടത്.