IndiaNEWS

സീറ്റുറപ്പിക്കാന്‍ തമിഴകത്ത് അപേക്ഷാ ഫീസ്; ദ്രാവിഡ കക്ഷികള്‍ കൊയ്യുന്നത് കോടികള്‍

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തേടിയെത്തുന്നവരില്‍നിന്നായി ഡി.എം.കെയും അണ്ണാ ഡി.എം.കെയും സ്വരൂപിക്കുന്നത് കോടികള്‍. അപേക്ഷാഫീസ് ഇനത്തിലാണ് ഇവരില്‍നിന്ന് പണം വാങ്ങുന്നത്. ഇത്തവണ ഡി.എം.കെ. ഒരാളില്‍നിന്ന് 50,000 രൂപവീതമാണ് ഈടാക്കുന്നത്. ഇത് കൂടാതെ അപേക്ഷാഫോമിന് 2000 രൂപയും നല്‍കണം. അണ്ണാ ഡി.എം.കെ. ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നവരില്‍നിന്ന് 20,000 രൂപയും സംവരണമണ്ഡലങ്ങളിലെ സീറ്റിനായി അപേക്ഷിക്കുന്നവരില്‍നിന്ന് 15,000 രൂപയുമാണ് ഈടാക്കുന്നത്.

തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ പാര്‍ട്ടി എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉറപ്പിക്കുന്നതിനുമുമ്പുതന്നെ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി നേതാക്കന്മാര്‍ അഭിമുഖം നടത്തും. ഇതിനുശേഷമായിരിക്കും സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുക. സീറ്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ സാധിക്കും.

Signature-ad

അഭിമുഖത്തില്‍ തിളങ്ങിയാല്‍ ഇത്തവണ സീറ്റ് ലഭിക്കാതെവന്നാലും ഭാവിയില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ സീറ്റുലഭിക്കാന്‍ സാധ്യത കുറവാണെങ്കില്‍പ്പോലും പലരും അപേക്ഷ സമര്‍പ്പിക്കും. ഒരോ മണ്ഡലങ്ങളിലേക്കും പത്തില്‍ കുറയാതെ അപേക്ഷകള്‍ ലഭിക്കുമ്പോള്‍തന്നെ 40 മണ്ഡലങ്ങളിലേക്കായി രണ്ടുകോടി രൂപ പാര്‍ട്ടി ഫണ്ടിലെത്തും. ഇതിന്റെ പല ഇരട്ടിയാണ് ശരിക്കും ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം. മുന്‍തിരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ അപേക്ഷ സ്വീകരിച്ചായിരുന്നു സീറ്റ് അനുവദിച്ചിരുന്നത്.

Back to top button
error: