തിരുവനന്തപുരം: പേട്ടയില്‍നിന്ന് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ഹൈദരാബാദ് സ്വദേശികളുടെ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ കാണാതായി ഒന്‍പത് മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണു തിരിച്ചല്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഷാഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായാണു പരിശോധന നടക്കുന്നത്. കന്യാകുമാരി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മഞ്ഞനിറത്തിലുള്ള ആക്ടിവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
എന്തെങ്കിലും സംശയമോ സൂചനയോ ലഭിക്കുന്ന പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വിവരങ്ങള്‍ അറിയിക്കാനായി പേട്ട പൊലീസ് നമ്പറുകള്‍ പുറത്തുവിട്ടു. വിവരങ്ങള്‍ ലഭിക്കുന്നവര്‍ 9497947107, 9497960113, 9497980015, 9497996988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഇന്നു പുലര്‍ച്ചെ ഒരു മണിക്കാണ് പേട്ടയില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. ആക്ടിവ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിക്കുന്നത്. പേട്ട ഓള്‍ സെയിന്റ്സ് കോളജിനു സമീപത്തെ വഴിയരികിലാണു കുട്ടികള്‍ ഉറങ്ങിയിരുന്നത്. കോളജിനു പിറകുവശത്തെ ചതുപ്പില്‍ ടെന്റ് അടിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. കാണാതാകുമ്പോള്‍ കറുപ്പില്‍ പുള്ളിയുള്ള ടീ ഷര്‍ട്ടാണു കുട്ടി ധരിച്ചിരുന്നതെന്നു കുടുംബം പറയുന്നു.
റെയില്‍വേ വഴി രക്ഷപ്പെടാനുള്ള സാധ്യത പൊലീസ് പരിശോധിച്ചിരുന്നു. ട്രെയിന്‍മാര്‍ഗം കുട്ടിയുമായി പോയിട്ടില്ലെന്നാണ് ഇവിടത്തെ സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിച്ചതില്‍ വ്യക്തമായതെന്നാണു വിവരം. റോഡ് മാര്‍ഗം തന്നെയാണു കുട്ടിയുമായി സംഘം കടന്നതെന്നാണു പൊലീസ് സംശയിക്കുന്നത്.