SportsTRENDING

കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ഇന്ന് കളത്തിൽ; ജയിച്ചാൽ ഇരു ടീമുകൾക്കും രണ്ടാം സ്ഥാനത്തെത്താം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചിയിൽ രാത്രി 7.30ന് ആണ് മത്സരം.
ആദ്യ ഘട്ടത്തില്‍ ഉജ്ജ്വല ഫോമിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍,ഒന്നിന് പിന്നാലെ ഒന്നായി താരങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

15 മത്സരങ്ങളില്‍നിന്ന് 31 പോയിന്‍റുള്ള ഒഡീഷയാണ് ഇപ്പോള്‍ പോയിന്‍റ് നിലയില്‍ മുന്നില്‍. 12 കളികളില്‍നിന്ന് 28 പോയിന്‍റുള്ള ഗോവ രണ്ടാമതും 13 കളികളില്‍നിന്ന് 26 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണുള്ളത്. ഇന്നു ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാകും.

Signature-ad

ഈ സീസണിലെ മിന്നും ഫോം പഞ്ചാബ് എഫ്സിക്കെതിരെയും തുടരാന്‍ ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിന് കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും. എട്ട് ഗോളുകളുമായി ലീഗിന്‍റെ ഗോള്‍വേട്ടയില്‍ രണ്ടാമതാണ് ദിമിത്രിയോസ്.പോയിന്‍റ് നിലയില്‍ പഞ്ചാബ് 11-ാമതാണ്. 13 കളികളില്‍നിന്ന് 11 പോയിന്‍റാണ് അവര്‍ക്കുള്ളത്. എന്നാല്‍, വമ്ബന്മാരെ അട്ടിമറിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് അവര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.

അതേസമയം ഐ ലീഗിൽ ഗോകുലം കേരള എഫ്.സി ഇന്ന് ഷില്ലോങ് ലജോങ് എഫ്.സിയെ നേരിടും.കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിന് നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിർണായകമാണ്.

 20 പോയന്റുമായി നാലാം സ്ഥാനത്തുള്ള ഗോകുലം കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്റർ കാശിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആവേശത്തിലാണ്.രണ്ടാം സ്ഥാനത്തുള്ള റിയല്‍ കശ്മീരുമായി പോയന്റ് നിലയില്‍ ഒപ്പമെത്താൻ മലബാറിയൻസിന് ഇന്ന് വിജയം സഹായിക്കും.

ക്യാപ്റ്റൻ അലക്സ് സാഞ്ചസും മലയാളി താരം അഭിജിത്തും നിക്കോളയും സ്പാനിഷ് പ്ലെയറായ ജോനാഥൻ വിയേരയും സെർബിയൻ താരം മാറ്റിജ ബബോവിച്ചും മികച്ച ഫോമിലുള്ളതാണ് ഗോകുലത്തിന്റെ പ്രതീക്ഷ. ഈ സീസണില്‍ 13 ഗോളുകള്‍ നേടിയ ലീഗിലെ ടോപ് സ്‌കോററായ അലക്‌സ് സാഞ്ചസിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.

Back to top button
error: