ലഖ്‌നൗ: അനുവാദം ചോദിക്കാതെ ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ വിവാഹമോചനത്തിന് കേസ് കൊടുത്തു. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ യുവതിയാണ് കേസ് കൊടുത്തത്.
തന്റെ അനുവാദമില്ലാതെ മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചതിന്റെ പേരില്‍ അമ്മായിയമ്മയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെയും സഹോദരിയെയും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു. മല്‍പുര സ്വദേശികളായ യുവതിയും സഹോദരിയും എട്ടുമാസം മുന്‍പാണ് വിവാഹിതരായത്. ഒരു കുടുംബത്തില്‍ നിന്നുള്ള ചേട്ടനെയും അനുജനെയുമാണ് ഇരുവരും വിവാഹം കഴിച്ചത്. തന്റെ അനുവാദമില്ലാതെ അമ്മായിയമ്മ മേക്കപ്പ് ബോക്‌സ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി കണ്ടെത്തുന്നത് വരെ എല്ലാം നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് ഉപയോഗിച്ചതുകൊണ്ട് താന്‍ എന്തെങ്കിലും ചടങ്ങിന് പോകുമ്പോള്‍ മേക്കപ്പിടാറില്ലെന്നും യുവതി പറയുന്നു.
ഭര്‍തൃമാതാവ് വീട്ടിനുള്ളില്‍ പോലും മേക്കപ്പിട്ടാണ് നടക്കുന്നതെന്നും യുവതി ആഗ്ര പൊലീസിന്റെ ‘പരിവാര്‍ പരമര്‍ശ് കേന്ദ്ര’ (ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍) യോട് പറഞ്ഞു. തുടര്‍ന്ന് യുവതി മാല്‍പുര പൊലീസ് സ്റ്റേഷനെ സമീപിച്ചു. വീട്ടില്‍ ഇരിക്കുമ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് അമ്മായിയമ്മയുമായി വാക്ക് തര്‍ക്കമുണ്ടായതായി അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മായിയമ്മ സംഭവം മകനോട് പറയുകയും ഭര്‍ത്താവും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും യുവതി പറയുന്നു. സ്ഥിതിഗതികള്‍ വഷളാകുകയും യുവതിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. രണ്ട് മാസമായി സഹോദരിമാര്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
ഞായറാഴ്ച യുവതിയെയും അമ്മായിയമ്മയെയും വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നല്‍കിയതായി കൗണ്‍സിലര്‍ അമിത് ഗൗര്‍ പറഞ്ഞു. വിവാഹമോചനത്തില്‍ യുവതി ഉറച്ചുനില്‍ക്കുകയാണെന്ന് ഗൗര്‍ കൂട്ടിച്ചേര്‍ത്തു. അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്നതിനാല്‍ ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കൂടുതല്‍ കൗണ്‍സിലിംഗിനായി യുവതിയെയും ഭര്‍ത്താവിനെയും വീണ്ടും വിളിക്കുമെന്ന് ഗൗര്‍ വ്യക്തമാക്കി.