KeralaNEWS

വിഴിഞ്ഞത്ത് ഹരിത ഹൈഡ്രജൻ പദ്ധതി; കേരളത്തിൽ 26,400 കോടി നിക്ഷേപവുമായി ‘റിന്യു’ പവർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 26,400 കോടി നിക്ഷേപവുമായി റിന്യൂവബ്ള്‍ എനർജി മേഖലയിലെ പ്രമുഖ കമ്ബനിയായ ‘റിന്യു’ പവർ.

ബൃഹത്തായ ഹരിത ഹൈഡ്രജൻ പദ്ധതിയാണ് കമ്പനി വിഴിഞ്ഞത്ത് സ്ഥാപിക്കുന്നത്.ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമാണ് പദ്ധതി. വൈദ്യുതി മേഖലയില്‍  വലിയ പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണിത്.

Signature-ad

ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജൻ കയറ്റുമതിക്കായി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ വർഷം തോറും 100 കിലോടണ്‍ ശേഷിയുള്ള ഹരിത ഹൈഡ്രജൻ പ്ലാന്റ്. പിന്നീട് രണ്ടും മൂന്നും ഘട്ടത്തില്‍ 500 കിലോടണ്‍ വീതവും ഉ്ത്പാദിപ്പിക്കും. ഓരോ ഘട്ടവും പൂർത്തിയാക്കാൻ 36 മുതല്‍ 42 മാസം വരെ വേണ്ടി വരും. ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുനരുപയോഗ ഊർജം (സൗരോർജ്ജം, കാറ്റ് മുതലായവ) ഉപയോഗിച്ച്‌ ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴിയാണ്. അതിനാല്‍ അന്തരീക്ഷത്തിലേക്ക് കാർബണ്‍ ഡൈ ഓക്‌സൈഡ് പോകുന്നില്ല.

കേരളത്തില്‍ റിന്യു നടപ്പാക്കുന്ന പദ്ധതിക്ക് ദിവസം 50 ദശലക്ഷം ലിറ്റർ വെള്ളം വേണ്ടി വരുമെന്ന് കണക്കാക്കുന്നു. 4000 മുതല്‍ 5000 വരെ വിദഗ്ധ-അവിഗദ്ധ തൊഴിലാളികള്‍ക്ക് ജോലി കിട്ടും. നിർമ്മാണ ഘട്ടത്തില്‍ 18,000 ജീവനക്കാർ വേണ്ടി വരും. 220 കിലോടണ്‍ ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രതിവർഷം 1100 കിലോടണ്‍ ഗ്രീൻ അമോണിയ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കും. 2 ഗിഗവാട്ട് ശേഷിയുള്ള ഇലക്രൊളൈസർ പ്രവർത്തിപ്പിക്കാൻ 6 ഗിഗാവാട്ട് വരെ ശേഷിയുള്ള പുനരുപയോഗ വൈദ്യുതി പ്ലാന്റുകളില്‍ നിന്ന് പ്രതിവർഷം 14,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയും.

2030-ഓടെ പ്രതിവർഷം 50 ലക്ഷം ടണ്‍ ഗ്രീൻ ഹൈഡ്രജൻ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 2030-ഓടെ എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ആറ് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ‘ദേശീയ ഹൈഡ്രജൻ ദൗത്യം’ മുഖേന കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഭാവിയിൽ ഉരുക്ക് അടക്കമുള്ള മേഖലകളില്‍ ഹൈഡ്രജൻ സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം ഹൈഡ്രജൻ എന്നതാണ് ഭാവി സാധ്യത. പ്രകൃതിവാതകം, ആണവോർജ്ജം, ബയോഗ്യാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയ ഊർജ സ്രോതസ്സുകളുപയോഗിച്ച്‌ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും.

ഹൈഡ്രജൻ ഇന്ധന സെല്ലുകളില്‍ പ്രവർത്തിക്കുന്ന കാറുകള്‍ ലോകത്ത് പലയിടത്തും ഇറങ്ങിക്കഴിഞ്ഞു. ജപ്പാൻ, ജർമ്മനി,അമേരിക്ക എന്നീ രാജ്യങ്ങളില്‍ പൊതു ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്, ഇത് പെട്രോളോ ഡീസലോ നിറയ്ക്കുന്നത് പോലെ കാറില്‍ നിറയ്ക്കാൻ കഴിയും. റോഡ്, എയർ, ഷിപ്പിങ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദല്‍ ഇന്ധനം കൂടിയാണ് ഹൈഡ്രജൻ.

Back to top button
error: