IndiaNEWS

ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ! ബിജെപി പിന്തുണയോടെ നിതീഷ് ഞായറാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും.

ജനുവരി 29 ന് പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്. 2022ല്‍ എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുകയാണ്.

ബിഹാറിലെ ഭരണകക്ഷിയായ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴുന്നെന്ന് സൂചന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആര്‍ജെഡിയും ജെഡിയുവും പട്‌നയില്‍ പ്രത്യേകം യോഗംചേര്‍ന്നിരുന്നു. കര്‍പ്പുരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ നിതീഷ് നടത്തിയ പരാമര്‍ശവും സഖ്യം വിടുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു.

കഴിഞ്ഞ ദിവസം ജെഡിയു എംഎല്‍എമാരോട് അടിയന്തരമായി പട്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആര്‍ജെഡിയുടെ ചാക്കിടല്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയായിരുന്നു ഇത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിനു കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്‌നം പ്രഖ്യാപിച്ചതു ബിജെപി -ജെഡിയു സഖ്യം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലിനിടെയാണ് നിതീഷിന്റെ നീക്കമുണ്ടായത്.

 

 

Back to top button
error: