KeralaNEWS

വേദപാഠ ക്ലാസിലെ കുട്ടികളുടെ ഹ്രസ്വചിത്രം, പള്ളി തിരുനാളിന്

മഞ്ഞപ്ര മാർശ്ലീവാ പള്ളിയിലെ ഇത്തവണത്തെ അമ്പ് പെരുന്നാളിന് പുതുമ സമ്മാനിച്ച് വേദപാഠം കുട്ടികൾ. ഞായറാഴ്ചകളിലെ വേദപാഠം ക്‌ളാസ്സുകളിലെ സമയം ഉപയോഗിച്ച് പ്രധാനമായും കുട്ടികൾ അഭിനയിച്ച ‘സൊലൂലു’ എന്ന ഷോർട്ട് ഫിലിം, ഇന്നലെ  പള്ളിയങ്കണത്തിൽ പ്രദർശിപ്പിച്ചു.

തിന്മകൾക്കും പരിഹാരമുണ്ട് എന്ന സന്ദേശം നൽകുന്ന ചിത്രത്തിന്റെ പേര്, പരിഹാരം എന്നർത്ഥമുള്ള സൊല്യൂഷൻ എന്ന വാക്കിൽ നിന്നാണ്. തിരുനാൾ ദിവ്യബലിക്ക് ശേഷം വികാരി ഫാദർ സെബാസ്റ്റ്യൻ ഊരക്കാടൻ പ്രദർശനോദ്‌ഘാടനം നിർവ്വഹിച്ചു. പ്രദക്ഷിണത്തിനും വെടിക്കെട്ടിനും ശേഷമായിരുന്നു പള്ളിയങ്കണത്തിലെ പ്രദർശനം.

ഒന്നാം ക്‌ളാസ് മുതൽ പ്ലസ് ടു വിദ്യാർഥികൾ വരെ വേദപാഠം പഠിക്കുന്ന മഞ്ഞപ്ര മാർശ്ലീവാ പള്ളിയിലെ വിശ്വാസ പരിശീലന വിഭാഗമാണ് ഈ 13-മിനിറ്റ് സിനിമയ്ക്ക് പിന്നിൽ. ഹെഡ്‌മാസ്റ്റർ ബാബു കണ്ണേൻ നേതൃത്വം നൽകി. സുനിൽ കെ ചെറിയാനാണ് രചനയും സംവിധാനവും.

ആർഭാട ജീവിതത്തിനായി ജ്വല്ലറിയിൽ നിന്ന് ആഭരണം മോഷ്ടിക്കാൻ പദ്ധതിയിടുന്ന കുട്ടികളിലൊരാൾ അതിൽ നിന്ന് പിന്മാറുന്നതും ശേഷമുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ കാണുന്നത്. വേദപാഠം ക്‌ളാസിൽ കേട്ട മൂല്യങ്ങൾ ദൈനംദിന ജീവിതത്തിലും പ്രാവർത്തികമാക്കാം എന്ന് ചിത്രം പറയുന്നു.

മരിയ ജോഷി, അനറ്റ് സിബി, സോണിയ സിബി, എൽറോയ് പോൾ, ആഷ്‌ലിൻ ബൈജു, അൽജോ ബിജു, ബെൻസൻ ബെന്നി, ഡോണൽ ബാബു, ആരൺ സിബി, എറിക് പോൾ എന്നീ വിദ്യാർത്ഥികളാണ് പ്രധാനമായും അഭിനയിച്ചത്. കുട്ടികളിൽ ഭൂരിഭാഗവും മുഖം കാട്ടിയ ചിത്രത്തിൽ പുരോഹിതരും കന്യാസ്ത്രീകളും അധ്യാപകരോടൊപ്പം അഭിനയിച്ചു.

ചിത്രത്തിലെ ഗാനം ആലപിച്ചത് ഷിജോ ജേക്കബ്, അഞ്ജു മാർട്ടിൻ, മെൽഡ സുനിൽ, പ്രാർത്ഥന പോൾസൺ, അന്ന ബിജു, എയ്ഞ്ചൽ സാബു എന്നിവർ ചേർന്നാണ്.

Back to top button
error: