മുംബൈ: അയോധ്യയിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തി മുസ്ലീം യുവതി.ശബ്നം ഷെയ്ഖ് എന്ന മുസ്ലീം യുവതി തന്റെ രണ്ട് കൂട്ടാളികളോടൊപ്പം മുംബൈയില്‍ നിന്ന് അയോധ്യയിലേക്ക് 1,425 കിലോമീറ്റര്‍ ദൂരമാണ് നടന്നെത്തുക.
ദിവസേന 25 മുതല്‍ 30 കിലോമീറ്റര്‍ ദൂരമാണ് യുവതിയും സഹായികളും നടക്കുന്നത്. രാമൻ രാജ് ശര്‍മ, വിനീത് പാണ്ഡെ എന്നിവരാണ് യുവതിക്കൊപ്പമുള്ള മറ്റു രണ്ടുപേര്‍.
ഇസ്ലാം മതത്തില്‍ പെട്ടയാള്‍ ആണെങ്കിലും ശബ്നം ഒരു രാമ ഭക്ത കൂടിയാണ്. രാമനെ ആരാധിക്കണെങ്കില്‍ ഹിന്ദുവായിരിക്കണം എന്നു നിര്‍ബന്ധമില്ലെന്നും ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും ശബ്നം പറയുന്നു.
മുംബൈയില്‍ നിന്നും യാത്ര ആരംഭിച്ച ശബ്നം ഇപ്പോള്‍ മധ്യപ്രദേശിലെ സിന്ധ്‍വയില്‍ എത്തിയിട്ടുണ്ട്. നീണ്ട നടത്തം മൂലം ക്ഷീണം തോന്നുന്നുണ്ടെങ്കിലും രാമനോടുള്ള ഭക്തിയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയെന്ന് മൂവരും പറയുന്നു. വഴിയില്‍ ഇവര്‍ കണ്ടുമുട്ടുന്ന ആളുകള്‍ ഇവരെക്കുറിച്ചുള്ള കഥകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് തീര്‍ത്ഥാടനം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത്.