IndiaNEWS

വോട്ടുകള്‍ ഭിന്നിച്ചു, ആദിവാസികള്‍ എതിരായി… ‘ബോണസായി’ ആപ്പ് കോഴയും: ഛത്തീസ്ഗഡില്‍ തൊട്ടതെല്ലാം പിഴച്ച് കോണ്‍ഗ്രസ്

റായ്പുര്‍: അമിതാത്മവിശ്വാസത്തോടെ നേരിട്ട ഛത്തീസ്ഗഢും കൈയൊഴിയുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് മോദിതരംഗത്തിന്റെ ആവിര്‍ഭാവത്തിലും അധികാരം നിലനിലര്‍ത്തിയ ചുരുക്കം ശക്തികേന്ദ്രങ്ങളിലൊന്നാണ്. എക്സിറ്റ് പോള്‍ ഫലങ്ങളെയാകെ കാറ്റില്‍ പറത്തി സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് കാരണമായത് ബി.ജെ.പിയെക്കാളുപരി പ്രാദേശികപാര്‍ട്ടികളുടെ സാന്നിധ്യമാണ്.

തെലങ്കാനയില്‍ ഒരുപരിധിവരെ ശൂന്യതയില്‍ നിന്ന് സര്‍ക്കാരുണ്ടാക്കുന്നതിലേക്കുള്ള ജൈത്രയാത്രയാണ് കോണ്‍ഗ്രസ് നടത്തിയതെങ്കില്‍ അതിന്റെ വിപരീതമാണ് ഛത്തീസ്ഗഢില്‍ സംഭവിച്ചത്. ആദിവാസി വോട്ടുകള്‍ ഭിന്നിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അരവിന്ദ് നേതം രാജിവെച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. ബാഘേല്‍-സിങ് ദേവ് പോര് ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി തന്നെ ബെറ്റിങ് ആപ്പ് കോഴവിവാദത്തില്‍ പെട്ടത് അങ്ങനെ സര്‍വതും കോണ്‍ഗ്രസിന് എതിരായി

പത്തുശതമാനം മാത്രം വോട്ടുകളുള്ള ഈ ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെയും ബി.ജെ.പി.യേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കുറയാന്‍ കാരണമായതിലെ പ്രധാനഘടകവും പ്രാദേശിക പാര്‍ട്ടികള്‍ തന്നെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2018-ല്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച പല അനുകൂലഘടകങ്ങളും ഇക്കുറി നിസ്സംഗമാവുകയോ കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോവുകയോ ചെയ്തിട്ടുമുണ്ട്.

എക്കാലവും കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ച ആദിവാസി വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നകന്നു എന്നതാണ് ഇക്കുറി കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഗോത്രമേഖലയായ ബസ്തറില്‍ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗവും ആദിവാസി വിഭാഗവും തമ്മിലുടലെടുത്ത സംഘര്‍ഷവും അതില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായതും ഇരുവിഭാഗത്തേയും കോണ്‍ഗ്രസിന് എതിരാക്കി
ഇതിനെ തുടര്‍ന്ന് രൂപീകൃതമായ ഹമര്‍രാജ് പാര്‍ട്ടിയുമാണ് കോണ്‍ഗ്രസിന് പ്രധാനമായും തിരിച്ചടിയായത്.

കഴിഞ്ഞ ജനുവരിയിലാണ് നാരായണ്‍പുരിലും കോണ്ടാഗാവിലും ആദിവാസി ഹിന്ദുവിഭാഗവും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗവും തമ്മില്‍ തര്‍ക്കമുടലെടുക്കുന്നത്. അക്രമങ്ങളിലേക്ക് നീങ്ങുന്ന തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസോ സംസ്ഥാന സര്‍ക്കാരോ തങ്ങളെ സഹായിച്ചില്ലെന്ന പരാതി പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഛത്തീസ്ഗഡ് സര്‍വ്വ ആദിവാസി സമാജത്തിന്റെ കീഴില്‍ ഹമര്‍രാജ് പാര്‍ട്ടി രൂപികരിക്കുന്നത്. അതിനാല്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചിരുന്ന ഈ വോട്ടുകള്‍ ഇക്കുറി ഹമര്‍രാജ് ഉള്‍പ്പടെയുള്ള ചെറുപാര്‍ട്ടികള്‍ക്കായി ചിതറി.

അതിനൊപ്പം പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം മുമ്പ് പുറത്തുവന്ന ബെറ്റിങ് ആപ്പ് കോഴ വിവാദം കോണ്‍ഗ്രസിനും മുഖ്യമന്ത്രി ബാഘേലിനും വിനയായി. 500 കോടി രൂപ മുഖ്യമന്ത്രിക്ക് കോഴ നല്‍കി എന്ന ആരോപണം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനും ജനങ്ങളെ സ്വാധീനിക്കാനും ഇടയാക്കിയിട്ടുണ്ട്.

 

Back to top button
error: