ദോഹ: എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. നവംബര്‍ ഒന്‍പതിനാണ് കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. അപ്പീല്‍ പഠിക്കുകയാണെന്നും ഉടന്‍ പരിഗണിക്കുമെന്നും കോടതിയില്‍നിന്ന് വിവരം ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളില്‍നിന്ന് രാത്രിയില്‍ പിടികൂടിയത്. 8 പേരും ഇന്ത്യന്‍ നാവികസേനയില്‍നിന്നു വിരമിച്ചശേഷം ദോഹയിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന സൈനിക പരിശീലന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്.
തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാര്‍, പൂര്‍ണേന്ദു തിവാരി, നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്ര കുമാര്‍ വര്‍മ, സുഗുനകര്‍ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാല്‍, സൗരഭ് വസിഷ്ഠ് എന്നിവര്‍ക്കാണ് ‘കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്’ വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നല്‍കുന്ന സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് ഇവര്‍.
ഖത്തര്‍ നാവികസേനയ്ക്കായി ഇറ്റാലിയന്‍ കമ്പനി ഫിന്‍സാന്റിയറി നിര്‍മിക്കുന്ന അന്തര്‍വാഹിനി സംബന്ധിച്ച വിവരങ്ങള്‍ ഇസ്രയേലിനു ചോര്‍ത്തിക്കൊടുത്തുവെന്നതാണ് 8 പേര്‍ക്കും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തര്‍ സ്വദേശിയായ ഖാമിസ് അല്‍ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം. അറസ്റ്റ് നടന്ന് ഏതാനും മാസം കഴിഞ്ഞാണ് ആരോപണം പുറത്തുവന്നത്. നജ്മിക്കു പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യക്കാരുടെ ജാമ്യാപേക്ഷ തള്ളി