കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ രണ്ട് വര്‍ഷം നരക തുല്യമായിരുന്നു; സെലിബ്രിറ്റികള്‍ വിവാഹം ചെയ്താലും പ്രശ്‌നങ്ങള്‍
പൂച്ചക്കണ്ണുള്ള തെന്നിന്ത്യന്‍ സുന്ദരി; ഗംഗോത്രി എന്ന മലയാള സിനിമയിലൂടെ അഭിനയം തുടങ്ങിയ നടിയാണ് സംഗീത. തുടര്‍ന്ന് സമ്മര്‍ ഇന്‍ ബത്ലഹേം, ദീപസ്തംഭം മഹാശ്ചര്യം, ഏഴുപുന്ന തരകന്‍, ശ്രദ്ധ, വര്‍ണക്കാഴ്ചകള്‍ തുടങ്ങി നിരവധി സിനിമകളില്‍ സംഗീത അഭിനയിച്ചു. സെലക്ടീവാണെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ബിഹൈന്റ് വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും സംഗീത സംസാരിച്ചു.
പ്രണയത്തിലായി നാലാമത്തെ മാസം തന്നെ എന്‍ഗേജ്മെന്റ് കഴിഞ്ഞു. എട്ട് മാസം കൊണ്ട് വിവാഹവും. അത്ര എളുപ്പമായിരുന്നില്ല അത്. എന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും കൃഷിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതിനെ എല്ലാം തരണം ചെയ്താണ് വിവാഹം ചെയ്തത്. പക്ഷെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ രണ്ട് വര്‍ഷം തീര്‍ത്തും നരഗ തുല്യമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അതങ്ങനെയാണ്.
പുറമെ നിന്ന് കാണുന്നത് പോലെയുള്ള സെലിബ്രിറ്റി ലൈഫ് അല്ല യഥാര്‍ത്ഥത്തില്‍. രണ്ട് സെലിബ്രിറ്റികള്‍ തമ്മിലുള്ള വിവാഹം ഒരേ ഉറയില്‍ രണ്ട് കത്തി ഇടുന്നതിന് തുല്യമാണ്. ഞാനാണോ വലുത് നീയാണോ വലുത് എന്ന ഈഗോ എപ്പോഴും ഉണ്ടാവും. ആ രണ്ട് വര്‍ഷത്തെ അടിയും വഴക്കും ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ. അതിന് പ്രധാന കാരണം, ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം അറിയില്ല എന്നതാണ്. എട്ട് മാസത്തെ പരിചയം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. കൂടുതല്‍ അറിയാനും, അടുക്കാനും കുറച്ചുകൂടെ സമയം വേണമായിരുന്നു.
കണ്ട ഒറ്റ സെക്കന്റി ഇഷ്ടപ്പെട്ടു, പിന്നീട് കൃഷ് തന്നെയാണ് എന്റെ ജീവിതം എന്ന് തീരുമാനിക്കാന്‍ കാരണം എന്തായിരുന്നു എന്ന് ചോദിച്ചപ്പോഴും അതിന് സംഗീതയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. അദ്ദേഹം ദൈവത്തെ ഭയക്കുന്നവനാണ്, അതുകൊണ്ട് തെറ്റ് ചെയ്യില്ല. തെറ്റ് ചെയ്താലും അത് തിരുത്താന്‍ തയ്യാറാവും. ദൈവത്തെ ഭയക്കാത്തവനെ ഒരിക്കലും നന്നാക്കാന്‍ കഴിയില്ല. അതാണ് എന്നെ ആകര്‍ഷിച്ചത്.
ആ രണ്ട് വര്‍ഷത്തിനുള്ളില്‍, ഈ ബന്ധം ഞാന്‍ എടുത്ത തെറ്റായ തീരുമാനമാണോ എന്ന് ചിന്തിച്ച് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷെ കൃഷ് ആ അവസ്ഥയെ മറികടക്കാന്‍ എന്റെ കൂടെ നിന്നു. ഒരു ഘട്ടത്തില്‍ ഞാന്‍ തളര്‍ന്നു പോകുമ്പോള്‍, എന്നെ ഞാന്‍ മാറ്റിക്കോളാം.. ഇത് കടന്നു പോകും എന്നദ്ദേഹം പറഞ്ഞു. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം അത്ര വിജയമാവണമെങ്കില്‍ അതിന് കാരണം എന്റെ ഭര്‍ത്താവ് തന്നെയാണ് – സംഗീത പറഞ്ഞു