വയനാട്: പേരിയയില്‍ നായാട്ടു സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു പരുക്ക്. ചന്ദനത്തോട് ഭാഗത്തുനിന്നു പുള്ളിമാനെ വെടിവച്ചു കൊന്ന് കാറില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാല്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെയായിരുന്നു ആക്രമണം.
പരുക്കേറ്റ വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.വി. വിപിന്‍, സുനില്‍ കുമാര്‍ എന്നിവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ പുള്ളിമാന്റെ ജഡം കണ്ടെത്തി. സംഭവത്തില്‍ വന്യമൃഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പേരിയ റേഞ്ച് ഓഫിസിര്‍ കെ, ഹാഷിഫ് പറഞ്ഞു. നായാട്ടുസംഘം കാട്ടില്‍ കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
കഴിഞ്ഞ മാസം കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി വന മേഖലയില്‍ മാവോയിസ്റ്റുകള്‍ വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ആറളം വന്യജീവി സങ്കേതത്തിനകത്ത് നായാട്ടു വിരുദ്ധ സ്‌ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാന്‍ പോവുകയായിരുന്ന വനപാലകരുടെ സംഘം വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മാവോയിസ്‌ററുകള്‍ക്ക് മുന്നില്‍ പെടുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതും ആയുധധാരികളായ അഞ്ചംഗ സംഘം വെടിയുതിര്‍ത്തു. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.