പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കോട്ടപ്പുറം ചീരക്കുഴി കാവുണ്ട മേലാഞ്ചേരി വീട്ടില്‍ ഹന്നത്തിനാണ് (32) വെട്ടേറ്റത്. ഭര്‍ത്താവ് മലപ്പുറം തേഞ്ഞിപ്പലം മുണ്ടിമണ്ണില്‍ വീട്ടില്‍ ഷബീര്‍ അലിയെ (43) ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റുചെയ്തു. മാസങ്ങളായി ഇരുവരും വേറിട്ട് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ 7.20-ന് ഹന്നത്തിന്റെ ചീരക്കുഴിയിലുള്ള വീട്ടിലായിരുന്നു സംഭവം. വീട്ടിലെത്തിയ ഷബീര്‍ അലി കുട്ടികളെ കാണണമെന്നും തന്നോടൊപ്പം വരണമെന്നും നിര്‍ബന്ധംപിടിച്ചു. ഹന്നത്ത് ഇത് വിസമ്മതിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞ്, ഇയാള്‍ പോയെന്നു കരുതി മുറ്റമടിക്കാന്‍ പുറത്തിറങ്ങിയ ഹന്നത്തിനെ പുറത്തെ ശൗചാലയത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഷബീര്‍ അലി വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊടുവാള്‍കൊണ്ടാണ് വെട്ടിയത്.
ഈസമയം ഹന്നത്തും മാതാവ് ആസിയയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളെല്ലാം തൊട്ടടുത്തുതന്നെയാണ് താമസം. കഴുത്തില്‍ വെട്ടേറ്റ് നിലത്തുവീണ ഹന്നത്തിനെ, നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഷബീര്‍ അലിയെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
എട്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഷബീര്‍ അലിയുടെ രണ്ടാം വിവാഹമായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളാണുള്ളത്. ഷബീര്‍ അലിയുടെ ശല്യത്തെ തുടര്‍ന്ന് മുമ്പും ഹന്നത്ത് വീട്ടിലേക്ക് വന്നിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചയില്‍ തിരിച്ചുപോവുകയും ചെയ്തിരുന്നു. വീണ്ടും പ്രശ്‌നമുണ്ടായതോടെയാണ് അഞ്ചുമാസംമുന്‍പ് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് വന്നതെന്ന് ഹന്നത്തിന്റെ സഹോദരന്‍ ആബിദ് പറഞ്ഞു. ഹന്നത്ത് വട്ടമ്പലത്തുള്ള കടയില്‍ ജോലിചെയ്തുവരികയായിരുന്നു.