FoodLIFE

ആനക്കാര്യം തന്നെയാണ് ചേന !

മ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാർത്ഥമാണ് ചേന. ഒരില മാത്രമുള്ള ഇത് കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ്.
ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്. ഔഷധ ഗുണങ്ങൾ കൂടുതലാണ് ചേനയ്ക്ക്. ആസത്മ,വയറിളക്കം, അർശസ് മറ്റു ഉദരരോഗങ്ങൾക്ക് ചേന ഒരു പ്രതിവിധിയായി കണക്കാക്കുന്നു.
ഇടവിളയായി തെങ്ങിൻ തോപ്പുകളിൽ ചേന കൃഷി ചെയ്തു അതിൽ വിജയ ഗാഥ രചിച്ച ഒട്ടേറെ കർഷകർ നമ്മുടെ കേരളത്തിൽ ഉണ്ട്. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം. കുംഭത്തിൽ നട്ട ചേന വിളവെടുക്കാൻ ഒക്ടോബർ – നവംബർ മാസങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ. ഇതിൽ ഗജേന്ദ്ര ചേനയാണ് കൂടുതൽ ആളുകളും  ഇഷ്ടപ്പെടുന്നത്.
നാടൻ ചേനയെക്കാൾ പെട്ടെന്ന് വേവുകയും നാരുകൾ ഇല്ലാത്തതുമായ ചേനയാണ് ഗജേന്ദ്ര ചേന. നല്ല മാംസളമായ ഉൾഭാഗം ആണ് ഈ ചേനയ്ക്ക്. മറ്റു ചേനകളെക്കാൾ അഴകിന്റെ  കാര്യത്തിൽ മുൻപന്തിയിലാണ് ഗജേന്ദ്ര ചേന. ഗജേന്ദ്ര ചേനയെക്കാൾ നടീലിന് മികച്ചത് വേറൊന്നില്ല. ഒരു ചേന നട്ടു ഒമ്പതുമാസം ആകുമ്പോഴേക്കും അത് വിളവെടുപ്പിന് പാകമാവുന്നു. പരമ്പരാഗതമായി ചേന നടുന്ന രീതിയെ കുറിച്ചാണ് ഇനി ഇവിടെ പ്രതിപാദിക്കുന്നത്.
ചേന നടാൻ ഒരുങ്ങുമ്പോൾ തന്നെ മണ്ണ് നന്നായി കിളച്ച് ഒരുക്കണം. അതിനുശേഷം ചേന 4 കഷ്ണം ആയി മുറിക്കണം. ഒരു വിത്തു ചേന ശരാശരി അരക്കിലോയെങ്കിലും ഉണ്ടെങ്കിൽ അതിൽനിന്ന് നല്ല രീതിയിലുള്ള വിളവെടുപ്പ് സാധ്യമാകൂ. ഓരോ വിത്ത്  ചേന കഷണത്തിലും  ഒരു മുകളം എങ്കിലും ഉണ്ടായിരിക്കണം. ഒരു കിലോ വീതമുള്ള വിത്ത് ചേനയാണ് നടന്നതെങ്കിൽ 9 മാസം കഴിയുമ്പോൾ ശരാശരി നാല് കിലോ എങ്കിലും വലുപ്പമുള്ള ചേന അതിൽ നിന്ന് ലഭ്യമാവും. ചേന നട്ടു മൂന്നു വട്ടമെങ്കിലും വളം നൽകണം. കളകൾ പറിച്ചു മാറ്റാനും മറക്കരുത്. ചേന നട്ടു 20 ദിവസം കഴിഞ്ഞാലേ നന തുടങ്ങാൻ പാടുള്ളൂ. കാരണം ചേന മണ്ണിൽ ഇരുന്ന് ചുരുങ്ങി ചേരണം. ഇതു നട്ട് ഒരു മാസം കഴിയുമ്പോഴേക്കും മുള വരും. ഒന്നിലധികം മുള വന്നാൽ അതിൽ ആരോഗ്യമുള്ളതും മാത്രം നിർത്തുക. ചേന മുറിക്കുമ്പോൾ കൃത്യമായി തന്നെ മുറിഞ്ഞു പോരണം അതാണ് അതിന്റെ കണക്ക്. ഒരു തരത്തിലുള്ള വെട്ടുകളും അതിൽ പ്രത്യക്ഷപ്പെടാൻ പാടില്ല. അങ്ങനെ വന്നാൽ നിങ്ങൾ ഉദ്ദേശിച്ച ഫലം അതിൽ നിന്ന് കിട്ടില്ല. നാല് കഷണങ്ങളായി മുറിച്ചു കിട്ടുന്ന ചേന വെണ്ണീർ അഥവാ ചാരത്തിൽ മുക്കണം. ഇങ്ങനെ ചെയ്യുന്നത് ഫംഗസ് രോഗം വരാതിരിക്കാൻ ആണ്.
നാട്ടിൻപുറങ്ങളിൽ ചേന സംബന്ധമായി  ഒരു അറിവുണ്ട്. വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശിക്ക് ചേന പറിച്ച് അത് കമിഴ്ത്തി വച്ച് ധനുമാസത്തിലെ തിരുവാതിരയ്ക്കു ഈ ചേന മുറിച്ച് വിത്ത് ചേനയായി മൂടിയാൽ അമ്പിളി അമ്മാവൻ വട്ടം വീശും പോലെ ചേനയും വട്ടം വിശും. ഇങ്ങനെ ചെയ്താൽ ചന്ദ്രനോളം വലിപ്പമുള്ള ചേന നമുക്ക് കിട്ടുമെന്ന് പഴമക്കാർ പറയുന്നു. വൃശ്ചിക മാസത്തിൽ ചേന പറിച്ചാൽ അതിൽനിന്ന് മണ്ണെല്ലാം തന്നെ അടർന്നു വീഴുന്നത് കാണാം. അതുകൊണ്ടാണ് അത്തരത്തിൽ ഒരു പഴഞ്ചൊല്ല് നമ്മുടെ പൂർവ്വികരുടെ ഇടയിൽ പറയപ്പെടുന്നത്. നല്ല ഇളക്കമുള്ള മണ്ണിൽ കാൽ വട്ടത്തിൽ കുഴി ഒരുക്കി അടിവളമായി ചാണകപ്പൊടി ചേർത്ത് അതിനുശേഷം ചേന നടാം. അതിനുശേഷം ചാരവും ചാണകവും വിതറണം. ചാരവും ചാണകം വിതറിയ തിനുശേഷം മണ്ണ് ഇട്ടു മൂടുക. മണ്ണിൽ അമ്ലത്വം കുറയ്ക്കുവാൻ ചേന  നട്ടതിനുശേഷം ഡോളമൈറ്റ് ഉപയോഗിക്കുന്നവരുമുണ്ട്. ഇതും ചേനയുടെ വളർച്ചയ്ക്ക് നല്ലതാണ്. അതിനുശേഷം കരിയിലകൾ കൊണ്ട് പുതയിടണം. കുംഭത്തിലെ കാറ്റിൽ ഇലകൾ പറന്നു പോകാതിരിക്കാൻ മണ്ണു വിതറുന്നത് പ്രായോഗികമായ രീതിയാണ്. ചേന നട്ടതിനുശേഷം നന പ്രധാനമാണ്. ട്രിപ്പ് ഇറിഗേഷൻ വഴിയോ മോട്ടോർ അടിച്ചോ നന സാധ്യമാക്കണം. ഒരു വീട്ടിൽ ഒരു ചേനയെങ്കിലും നട്ടുപിടിപ്പിക്കാൻ മുൻകൈ എടുക്കുക.  ആരോഗ്യഗുണങ്ങൾ ഏറെയുള്ള ചേന ജീവിതചര്യയുടെ ഭാഗമാക്കി എല്ലാവരും ആരോഗ്യ ജീവിതം നയിക്കുക.

Back to top button
error: