KeralaNEWS

”സീറ്റ് ബെല്‍റ്റ് പോലും ഇട്ടിട്ടില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചുള്ള യാത്ര സുരക്ഷിതമല്ല”

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും ഒരു ബസില്‍ യാത്ര ചെയ്യുന്നത് അത്ര സുരക്ഷിതമല്ലെന്ന് യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. നവകേരള സദസ്സ് യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ സഞ്ചരിക്കുന്നതിന്റെ പഞ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘നവകേരള ബസ്. മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഒരു ബസില്‍ യാത്ര ചെയ്യുന്നത് സേഫ്റ്റിയും സെക്യൂരിറ്റിയും വച്ച് ശരിയല്ല. പോരാത്തതിന് ഒരു സീറ്റ് ബെല്‍റ്റ് പോലും ഇട്ടതായി കാണുന്നില്ല. ബസില്‍ ഇല്ലാത്തതാണോ എന്നറിയില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ ഒക്കെ ആരാണ് കൈകാര്യം ചെയ്യുന്നത്?’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Signature-ad

അതേസമയം, ഞങ്ങള്‍ പരിശോധിച്ചിട്ട് ആഡംബരമൊന്നും കണ്ടെത്താനായില്ല, മാധ്യമങ്ങള്‍ക്കു പരിശോധിക്കാം എന്ന് നവകേരള സദസ്സിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞതോടെ ‘വിഐപി ബസ്’ വീണ്ടും ശ്രദ്ധാകേന്ദ്രമായി. പിന്നാലെ മാധ്യമപ്രവര്‍ത്തകരെ ബസില്‍ കയറാന്‍ അനുവദിച്ചു.

ഇന്നലെ ഉച്ചയ്ക്കു മുന്‍പ് മന്ത്രി ആന്റണി രാജു പൊലീസ് ആസ്ഥാനത്തെത്തി ബസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതെയാണ് അദ്ദേഹം ബസിനടുത്തെത്തിയത്. ‘ബസിന്റെ കാര്യത്തില്‍ ഒരു സസ്‌പെന്‍സുമില്ല. ഇതൊരു പാവം ബസാണ്. കൊലക്കേസ് പ്രതിയെപ്പോലെ കാണരുത്. അധികമായി ശുചിമുറി മാത്രമാണുള്ളത്’ മന്ത്രി പറഞ്ഞു. ബസിലെ ശുചിമുറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വാതില്‍പടിക്കു പുറമേ, ഇറങ്ങാനും കയറാനുമുള്ള ഹൈഡ്രോളിക് ലിഫ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി ആന്റണി രാജു.

റിവോള്‍വിങ് ചെയര്‍ 180 ഡിഗ്രി തിരിയാന്‍ കഴിയുന്നതാണ്. ബസില്‍ 2 ദേശീയപതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബസിനു മുകളില്‍ സ്പീക്കറുകളുമുണ്ട്. ബ്രൗണ്‍ നിറമുള്ള ബസിന്റെ വശങ്ങളില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുതല്‍ ബേക്കല്‍ കോട്ടയുടെ വരെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

 

Back to top button
error: