KeralaNEWS

സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനില്‍; പിന്തുണയുമായി വന്‍ ജനാവലി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സ്റ്റേഷനിലെ ‘ആധുനിക ചോദ്യം ചെയ്യല്‍ മുറി’യിലാണ് ചോദ്യം ചെയ്യല്‍.

വന്‍ ജനാവലിയാണു പൊലീസ് സ്റ്റേഷനു പുറത്തുള്ളത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഇതിനിടെ, പൊലീസ് സ്റ്റേഷനു പുറത്ത് ബിജെപി നേതാക്കളും പൊലീസും തമ്മിലും സംഘര്‍ഷമുണ്ടായി. നാല് വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് കടത്തിവിടണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസ്, സുരേഷ് ഗോപിയുടെ വാഹനം മാത്രം കടത്തിവിടാമെന്നു പറഞ്ഞു.

Signature-ad

പ്രവര്‍ത്തകര്‍ ജാഥയായാണ് നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിയത്. ഗെയ്റ്റിനു മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ‘കേരളമാകെ എസ് ജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് വന്‍ ജനക്കൂട്ടം തടിച്ചു കൂടിയത്. ഇതിനിടെ, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ റോഡിലെ ഗതാഗതം തടസപ്പെട്ടു. ബസ്സുകള്‍ വഴി തിരിച്ചുവിട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവന്‍ അടക്കമുള്ള നേതാക്കളും പദയാത്രയായി സ്റ്റേഷനിലെത്തിയിരുന്നു. ആരാധകരും ബിജെപി പ്രവര്‍ത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തി. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ തടിച്ചു കൂടി.

 

 

Back to top button
error: