KeralaNEWS

കളമശേരിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം; ചികിത്സയിലുള്ളവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: കളമശ്ശേരി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് പണം നല്‍കുക. സ്ഫോടനത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കാനും യോഗം തീരുമാനിച്ചു.

ഒക്ടോബര്‍ 29-നാണ് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമനിക് മാര്‍ട്ടിന്‍ അന്നുതന്നെ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. താനാണ് സ്ഫോടനം നടത്തിയത് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് ഡൊമനിക് മാര്‍ട്ടിന്‍ പോലീസിന് മുന്നിലെത്തിയത്.

Signature-ad

അതേസമയം, പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 25 സെന്റ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിട്ടുനല്‍കാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനുള്ള ആറ് കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലാവധി 2022 ഡിസംബര്‍ 21 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കും. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

Back to top button
error: