CrimeNEWS

ഓട്ടോഡ്രൈവറുടെയും സുഹൃത്തി​ന്റെയും മർദ്ദനമേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മധ്യവയസ്കന്‍ മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ

പള്ളിക്കത്തോട്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മധ്യവയസ്കന്‍ മരണപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട് സ്വദേശിയായ സുധീപ് എബ്രഹാം (52) എന്നയാളാണ് മരണപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് വാഴൂർ ചെങ്കൽ ചർച്ച് ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അനീഷ് വി (39), വാഴൂർ പനപ്പുഴ ഭാഗത്ത് പടന്നമക്കൽ വീട്ടിൽ പ്രസീദ് (52) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

അനീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ സുധീപ് എബ്രഹാം വീട്ടില്‍ പോകുന്നതിനുവേണ്ടി കയറുകയും, വീട്ടിലേക്ക് പോകാതെ ഇയാളുടെ വീടിന് സമീപമുള്ള റോഡില്‍ ഓട്ടോ നിര്‍ത്തുകയും ആയിരുന്നു. എന്നാല്‍ വീട്ടിലേക്ക് വണ്ടിവിടാന്‍ ഇയാള്‍ ആവശ്യപ്പെടുകയും, വീട്ടിലേക്ക് ഓട്ടോ പോകുന്നതിന് അനീഷും ഇയാളുടെ കൂടെ ഓട്ടോയിൽ ഉണ്ടായിരുന്ന പ്രസീദും വിസമ്മതിച്ചതിനെത്തുടർന്ന് ഇതിന്റെ പേരിൽ മധ്യവയസ്കനുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് തിരികെ കയറിയ സ്ഥലത്ത് ഇറക്കി വിടാം എന്ന് പറഞ്ഞ് അനീഷും പ്രസീദും ഒന്നാം മയിൽ ഷാപ്പിന് സമീപം ഇയാളെ തിരികെ ഇറക്കി വിടുകയും ചെയ്തു.

Signature-ad

അവിടെവെച്ച് ഇവർ തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടാവുകയും മരംവെട്ട് ജോലികൂടി ചെയ്തിരുന്ന അനീഷ് തന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലവാങ്ക് ഉപയോഗിച്ച് ഇയാളെ അടിക്കുകയും നിലത്ത് വീണ മധ്യവയസ്കന്റെ നെഞ്ചിന് ചവിട്ടുകയുമായിരുന്നു. ഇതിന്‍റെ ആഘാതത്തിൽ ഇയാളുടെ ഇരുവശങ്ങളിലായി ഏഴോളം വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക രക്ത സ്രാവം സംഭവിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച സുധീപ് എബ്രഹാം ആന്തരിക രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെടുകയായിരുന്നു.

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ആക്രമിച്ച ഇവരെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി, എസ്.ഐ മാരായ രമേശൻ, ശിവപ്രസാദ്, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ സുഭാഷ് ഐ.കെ, സക്കീർ ഹുസൈൻ, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Back to top button
error: