കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി വിദേശനിര്‍മ്മിത ടയര്‍ കമ്പനി. കമ്പനിയുടെ സാമൂഹിക സേവന നിധിയിലൂടെയാണ് റബര്‍ മേഖലയെ പരിപോഷിപ്പിക്കാന്‍ സഹായം നല്‍കുന്നത്. കോട്ടയം, ഇടുക്കി ജില്ലയിലെ റബര്‍ കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുക.
ജപ്പാന്‍ ആസ്ഥാനമായ ബ്രിഡ്ജ് സ്റ്റോണ്‍ ടയര്‍ കമ്പനിയാണ് കേരളത്തിലെ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം ഇടുക്കി ജില്ലയിലെ 35 ഉത്പാദക സംഘങ്ങളുടെ സഹായത്തോടെ ആണ് കര്‍ഷകരെ തെരഞ്ഞെടുക്കുക. നെതര്‍ലന്‍ഡ് ആസ്ഥാനമായ സോളി ഡാരി ഡാഡ് എന്ന സന്നദ്ധ സംഘടനയ്ക്കാണ് നടത്തിപ്പ് ചുമതല. ആദായം കൂട്ടാന്‍ തോട്ടങ്ങളില്‍ ഇടവിള പ്രോത്സാഹനം, ഗുണനിലവാരമുള്ള റബറിന്റെ ഉത്പാദനം, ലാബില്‍ പോകാതെ മണ്ണിന്റെ ഗുണം സ്വയം അറിയാന്‍ സൗകര്യം എന്നിവയ്ക്കാണ് കമ്പനി സഹായം നല്‍കുക. റബര്‍ ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനാണ് മേല്‍നോട്ട ചുമതല. കമ്പനിയുടെ ഇടപെടലിനെ കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ആദ്യഘട്ടത്തില്‍ ഇരുപതിനായിരം കൃഷിക്കാരെ നേരിട്ടും 25000 പേരെ ഡിജിറ്റല്‍ ആയും ഭാഗമാക്കും. രണ്ടാം ഘട്ടത്തില്‍ മുപ്പതിനായിരം പേരെ നേരിട്ടും 70000 പേരെ ഡിജിറ്റലായി ചേര്‍ക്കും. 2024 മാര്‍ച്ച് 31 ന് ആദ്യഘട്ടം പൂര്‍ത്തിയാക്കും.