KeralaNEWS

കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ് ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടില്ല; കുഴൽനാടനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

ഇടുക്കി: മാത്യു കുഴൽനാടന് അർഹമായ നടപടിയിലേക്കാണ് സംഭവങ്ങൾ എത്തിയിരിക്കുന്നതെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. വിജിലൻസ് അന്വേഷണത്തെ എല്ലാതരത്തിലും സ്വാഗതം ചെയ്യുന്നു. കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ് ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടില്ലെന്നും വർഗീസ് പറഞ്ഞു. ‘ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ക്വാറിയുമായി ബന്ധപ്പെട്ട കേസുകൾ നടത്തി കൊണ്ടിരുന്നത് കുഴൽനാടനാണ്. ഇതൊക്കെ ഉപയോഗപ്പെടുത്തി പരമാവധി പണം സമ്പാദിച്ചിട്ടുണ്ട്. അതിന്റെ ദുരന്തമാണ് ഇപ്പോൾ തേടി എത്തിയിരിക്കുന്നത്.’ ചിന്നക്കനാൽ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാണെന്നും സിവി വർഗീസ് പറഞ്ഞു.

അതേസമയം, തനിക്കെതിരായ വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ രംഗത്തെത്തി. ‘പറഞ്ഞ നിലപാടിൽ മാറ്റമില്ല. ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സർക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാം.’ വിശദമായി ഇന്ന് പ്രതികരിക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാത്യു ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

Signature-ad

കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കപ്പിത്താൻസ് റിസോർട്ടിന് കഴിഞ്ഞ ദിവസം ചിന്നക്കനാൽ പഞ്ചായത്ത് ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകിയിരുന്നു. ലൈസൻസിന്റെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷ നൽകി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നിദ്ദേശം നൽകി. ഇവ ഹാജരാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ കാലാവധി ഡിസംബർ 31 വരെയായതിനാലാണ് അതുവരെ മാത്രം ലൈസൻസ് പുതുക്കി നൽകിയത്.

മുൻപ് ഹോംസ്റ്റേ ലൈസൻസായിരുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷം റിസോർട്ട് ലൈസൻസാണ് പഞ്ചായത്ത് അനുവദിച്ചത്. അതിനുസരിച്ചുള്ള നികുതിയും നൽകുന്നുണ്ട്. ഇത് ക്ലറിക്കൽ പിഴവാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. റിസോർട്ടിന് ചതുരശ്രയടിക്ക് 90 രൂപയും ഹോസ്റ്റേയ്ക്ക് 60 രൂപയുമാണ് നികുതി നൽകേണ്ടത്. പഞ്ചയത്തിന്റെ വസ്തു നികുതി രേഖകളിൽ ഈ കെട്ടിടം റിസോർട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോർട്ട് ഹോം സ്റ്റേയായി മാറുന്നതോടെ നികുതിയിലും ഫീസിലും ഇളവ് നൽകുന്ന കാര്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി ലൈസൻസില്ലാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്.

Back to top button
error: