KeralaNEWS

തൊഴുത്ത് മാറ്റി കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കില്ല; മന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് കെ.മുരളീധരന്‍

കോഴിക്കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ഇടത് സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കും. പല കേസിലും പ്രതികളായവരാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്, ഗണേഷ് കുമാര്‍ കൂടി വന്നാല്‍ ആ കൂട്ടത്തില്‍ ഒരാള്‍ കൂടിയാകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തൊഴുത്ത് മാറ്റി കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കില്ല എന്നായിരുന്നു മുരളീധരന്റെ പരിഹാസം.

സ്പീക്കറെ തുടര്‍ച്ചയായി മാറ്റുന്നത് ശരിയല്ല. സോളാര്‍ ഗൂഡാലോചന പിണറായി അന്വേഷിക്കണ്ട, മറ്റേത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവന മുഖവിലക്ക് എടുക്കുന്നില്ല. നന്ദകുമാര്‍ എല്‍ഡിഎഫ് ഏജന്റ് ആണ്, ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഡാലോചനയില്‍ കോണ്‍ഗ്രസിന് പങ്കില്ല. ഗൂഡാലോചനയില്‍ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായി വിജയനുമാണ്. ഗണേഷ് കുമാറിനെ ഒരു കാരണവശാലും യുഡിഎഫില്‍ എടുക്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കെ.മുരളീധരന്റെ പ്രതികരണം.

Signature-ad

അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളിലേക്ക് സിപിഎം കടന്നു കഴിഞ്ഞെന്നാണ് വിവരം. പുതുതായി കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയില്‍ എത്തും. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനം ഒഴിയും. സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. പകരം വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന.

മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും. ഗണേഷ് കുമാറിന് വനം വകുപ്പ് നല്‍കിയേക്കും. എ.കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പിലേക്ക് തിരിച്ചെത്താനാണ് സാധ്യത. ഇത് സംബന്ധിച്ച നിര്‍ണായക നേതൃയോഗങ്ങള്‍ അടുത്താഴ്ച നടക്കും. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: