ന്യൂഡല്‍ഹി: മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണ അനുസരിച്ച് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നേരത്തെ തീരുമാനിച്ചതിനുസരിച്ച് ആളുകള്‍ മന്ത്രിസഭയില്‍ എത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ചുള്ള കെ മുരളീധരന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; കെ മുരളീധരന്റെ പരിഹാസങ്ങള്‍ അദ്ദേഹം സ്വയം തന്നെ വിലയിരുത്തിയാല്‍ മതി. സോളാര്‍ കേസില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തതാണ്. ഇനി ഡല്‍ഹിയില്‍ വന്ന് ആവര്‍ത്തിക്കേണ്ടതില്ല. നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് അനുകൂലവും പ്രതികൂലവും ആയിട്ടില്ല. സോളാര്‍ കേസിന്റെ തുടക്കത്തിലും ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളിലേക്ക് സിപിഎം കടന്നു കഴിഞ്ഞെന്നാണ് വിവരം. പുതുതായി കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയില്‍ എത്തും. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനം ഒഴിയും. സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. പകരം വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന.
മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും. ഗണേഷ് കുമാറിന് വനം വകുപ്പ് നല്‍കിയേക്കും. എ.കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പിലേക്ക് തിരിച്ചെത്താനാണ് സാധ്യത. ഇത് സംബന്ധിച്ച നിര്‍ണായക നേതൃയോഗങ്ങള്‍ അടുത്താഴ്ച നടക്കും. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.