KeralaNEWS

കെഎസ്ഇബി ഓവര്‍സീയര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആളുമാറി; അടിച്ചുപൂസായി ഓഫീസിലെത്തിയ ഓവര്‍സീയര്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്‍ അടിച്ചു തകര്‍ത്തു

തൃശൂര്‍: കെഎസ്ഇബി ഓഫീസില്‍ മദ്യപിച്ച് എത്തിയ ഓവര്‍സിയര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്‍ അടിച്ചു തകര്‍ത്തു. ഓവര്‍സീയര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആളുമാറിയാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്‍ അടിച്ചു തകര്‍ത്തത്.

സംഭവത്തില്‍ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന നമ്പര്‍ വണ്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ കോലഴി സ്വദേശി പട്ടത്ത് ജയപ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരുവന്നൂര്‍ സബ് ഡി വിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എസ് സാജുവിന്റെ കാറാണ് ജയപ്രകാശ് അടിച്ചു തകര്‍ത്തത്.

Signature-ad

വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം നടന്നത്. ഓഫിസിലേക്ക് മദ്യപിച്ചെത്തിയ ജയപ്രകാശ് മറ്റൊരു ഓവര്‍സിയറായ കൊറ്റനല്ലൂര്‍ സ്വദേശി സിനിലിനെ അസഭ്യം പറയുകയും ഇത് വാര്‍ക്കു തര്‍ക്കത്തിലും സംഘര്‍ഷത്തിലേക്കുമെത്തുകയായിരുന്നു. മറ്റു ജീവനക്കാര്‍ ഇടപ്പെട്ടതോടെ ജയപ്രകാശ് ഓഫിസില്‍ നിന്നും പുറത്തേക്ക് പോയി.

പിന്നീട് തൂപ്പു വെട്ടുവാനായി ജീവനക്കാന്‍ ഉപയോഗിക്കുന്ന വാളുമായി എത്തി ഒഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ സിനിലാണ് ഇരിക്കുന്നതെന്നു കരുതി കാറിന്റെ വലത് വശത്ത് ഡ്രൈവര്‍ സീറ്റിനടുത്തുള്ള ഡോറിലെ ഗ്ലാസ് അടിച്ചു തകര്‍ത്തു.

ഈ സമയത്ത് കാറിനുളളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാജു ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സിനിലിന്റെയും സാജുവിന്റെയും കാറുകള്‍ ഒരേ നിറത്തിലുളളതാണ്. സംഭവ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജയപ്രകാശിനെ മറ്റു ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലിസിനെ ഏല്‍പിച്ചു.

എസ്‌ഐ എം.എസ് ഷാജന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡില്‍ എടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിഷയത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് സിനില്‍ പറഞ്ഞു.

 

Back to top button
error: