അഗര്‍ത്തല: ബംഗ്ലാദേശുമായി ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇന്ത്യ. ബംഗ്ലാദേശിലെ ഗംഗാസാഗര്‍ മുതല്‍ ത്രിപുരയിലെ നിശ്ചിന്താപൂര്‍ വരെ പുതുതായി നിര്‍മ്മിച്ച റെയില്‍ പാളത്തിലൂടെ നടത്തിയ പരീക്ഷണ ഓട്ടം വിജയം. വ്യാഴാഴ്ചയായിരുന്നു ഈ പാതയിലൂടെയുള്ള സാങ്കേതിക പരീക്ഷണോട്ടം നടത്തിയത്. ഇതോടെ ഇന്ത്യ അയല്‍ രാജ്യവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ഗതാഗതബന്ധം ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയെ ബംഗ്ലാദേശിലെ ബ്രാഹ്‌മന്‍ബാരിയ ജില്ലയിലെ ഗംഗാസാഗറുമായി ബന്ധിപ്പിക്കുന്ന 15 കിലോമീറ്റര്‍ റെയില്‍ ലിങ്കിന്റെ ഭാഗമാണ് ഈ 6.7 കിലോമീറ്റര്‍ റെയില്‍ പാത. നിശ്ചിന്താപൂര്‍ റെയില്‍വേ സ്റ്റേഷനെ ലാന്‍ഡ് കസ്റ്റംസ് സ്റ്റേഷനായി (എല്‍സിഎസ്) പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ ത്രിപുര സര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഇത് തലസ്ഥാനമായ അഗര്‍ത്തലയേയും ബംഗ്ലാദേശിലെ അഖൗരയേയും ട്രെയിന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചരക്ക് നീക്കവും കൂടാതെ യാത്രാ സൗകര്യവും സുഗമമാകുമെന്നും ത്രിപുര സര്‍ക്കാര്‍ വ്യക്തമാക്കി.
ത്രിപുരയില്‍ നിലവില്‍ എട്ട് നോട്ടിഫൈഡ് എല്‍സിഎസുകളാണുള്ളത്. ഇത് റോഡ് ഗതാഗതം വഴി സുഗമമാക്കുന്നു. ബംഗ്ലാദേശിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള വലിയ പദ്ധതികളില്‍ ഒന്നാണ് അഗര്‍ത്തല-അഖൗറ റെയില്‍ പാത. ഈ പാതയുടെ നിര്‍മ്മാണത്തിന് 153.84 കോടി രൂപയുടെ സാമ്പത്തിക വിഹിതമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തടസ്സങ്ങളില്ലാത്ത ചരക്ക് ഗതാഗതത്തിനും വ്യാപാരത്തിനും ഈ റെയില്‍വേ ശൃംഘല വഹിക്കുന്ന പങ്ക് ചെറുതല്ല.
ടെക്സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡാണ് ഈ റെയില്‍വേ ട്രാക്കുകള്‍ നിര്‍മ്മിക്കുന്നത്. ഈ 20 മിനിറ്റ് ദൈര്‍ഖ്യമുള്ള യാത്ര വളരെ സുഗമവും ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതുമാണെന്ന് ടെക്സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ശരത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് ബാധയെതുടര്‍ന്ന് ഈ പദ്ധതി വൈകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറില്‍ 30 കിലോമീറ്ററായിരുന്നു ട്രെയിനിന്റെ വേഗത. ഇപ്പോള്‍ ട്രാക്ക് ട്രെയിന്‍ സര്‍വീസിന് തയ്യാറായിക്കഴിഞ്ഞു. പുതുതായി നിര്‍മ്മിച്ച ട്രാക്കുകളില്‍ എപ്പോള്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.