പത്തനംതിട്ട: തിരുവോണ ദിവസം അടൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കാമുകിയെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്നതിനെ അടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പന്തളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്.
ഇതു കയ്യാങ്കളിയുടെ വക്കോളമെത്തി. ഇതിനിടിയില്‍ യുവതി സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. മറ്റുള്ള പൊലീസുകാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ തര്‍ക്കം പുറത്തറിഞ്ഞതോടെയാണ് ജില്ലാ പൊലീസ് മേധാവി വി. അജിത് അടൂര്‍ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയതായാണ് സൂചന.