KeralaNEWS

മരണശേഷം കുടുംബ പെന്‍ഷന്‍ രണ്ടു ഭാര്യമാര്‍ക്ക് വീതിച്ചു നല്‍കണം; ആവശ്യം തള്ളി സര്‍ക്കാര്‍

പാലക്കാട്: തന്റെ മരണശേഷം കുടുംബ പെന്‍ഷന്‍ രണ്ടു ഭാര്യമാര്‍ക്കും വീതിച്ചു നല്‍കണമെന്ന മുന്‍ ജീവനക്കാരന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. കുടുംബപെന്‍ഷന്‍ രണ്ടു ഭാര്യമാര്‍ക്കായി വീതിച്ചു നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍വീസ് ചട്ടങ്ങള്‍ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

കൊളീജിയറ്റ് വകുപ്പ് മുന്‍ ജീവനക്കാരനാണ് രണ്ടു ഭാര്യമാര്‍ക്കും കുടുംബപെന്‍ഷന്‍ വീതിച്ചു നല്‍കണമെന്ന ആവശ്യവുമായി ഹര്‍ജി നല്‍കിയത്. വിരമിച്ച ജീവനക്കാര്‍ക്കു സര്‍വീസ് ചട്ടം ബാധകമല്ലെന്നായിരുന്നു അപേക്ഷകന്റെ വാദം. ഇത് പരിശോധിച്ച കമ്മിഷന്‍ ആക്ടിങ് ചെയര്‍പഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണു സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാര്‍ ജീവനക്കാരന്‍, ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോള്‍ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കാന്‍ പാടില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

Signature-ad

ആദ്യഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയായതിനാല്‍ പെന്‍ഷനുണ്ടെന്നും അതിനു പുറമേയാണു കുടുംബപെന്‍ഷന്‍ ലഭിക്കേണ്ടതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം നിയമപരമായി വിവാഹം കഴിച്ചവര്‍ക്കു മാത്രമേ കുടുംബ പെന്‍ഷന് അര്‍ഹതയുള്ളൂ എന്നും സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കു പെന്‍ഷന് ആരെയും നിര്‍ദേശിക്കാമെന്ന വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു കമ്മിഷന്‍ ഹര്‍ജി തള്ളി.

 

Back to top button
error: