CrimeNEWS

സഹതടവുകാരികളുടെ പരാതി; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി

തിരുവനന്തപുരം: സഹതടവുകാരികളുടെ പരാതിയെത്തുടര്‍ന്ന് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങരയില്‍നിന്ന് മാവേലിക്കര വനിതാ സ്പെഷ്യല്‍ ജയിലിലേക്കു മാറ്റി. ഇതുസംബന്ധിച്ച് അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജിയാണ് ജയില്‍ മാറ്റാനായി ഉത്തരവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രീഷ്മയെ മാവേലിക്കര ജയിലിലേക്കു മാറ്റി. ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജി വിദ്യാധരന്‍ ജയില്‍ മാറ്റാനായി ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനും ജയില്‍ സൂപ്രണ്ടിനോടു കോടതി നിര്‍ദേശിച്ചു. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.

Signature-ad

ജാതകദോഷം തീര്‍ക്കാന്‍ സുഹൃത്തായ പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഈ കേസിലെ രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ കോടതി ജാമ്യത്തിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13, 14-നുമായി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനു നല്‍കി.

തുടര്‍ന്ന് ആശുപത്രിയിലായ ഷാരോണ്‍ 25-നു മരിച്ചു. ഷാരോണിന്റെ രക്ഷാകര്‍ത്താക്കള്‍ പാറശ്ശാല പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 30-ന് ഗ്രീഷ്മയെയും 31-ന് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 30 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഗ്രീഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.

കേസിനാസ്പദമായ സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണ തമിഴ്നാട്ടിലെ കോടതിയിലേക്കു മാറ്റണമെന്ന ഗ്രീഷ്മയുടെ ഹര്‍ജി ഹൈക്കോടതി ഈ മാസം 26-ന് പരിഗണിക്കും. അതുവരെ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി വിലക്കി. നേരത്തെ ഗ്രീഷ്മയുടെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഗ്രീഷ്മയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Back to top button
error: