CrimeNEWS

രക്ഷപ്പെട്ടയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയില്‍; സഹോദരിമാര്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത

പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് സഹോദരിമാരുടെ മരണത്തില്‍ അടിമുടി ദുരൂഹത. രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാള്‍ക്ക് പൊള്ളലേറ്റിട്ടില്ലെന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്. അഗ്‌നിശമനസേനയെത്തി തീയണക്കാന്‍ ശ്രമിക്കുമ്പോഴാണിയാള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിപ്പോകുന്നതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തീപ്പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്നനിലയിലായിരുന്നു. സഹോദരിമാര്‍ രണ്ടുപേരും രണ്ട് വീടുകളില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവര്‍ ഒരുവീട്ടിലെത്തിയതും ആ സമയത്ത് പുറത്തുനിന്നൊരാള്‍ ഇവിടെ എത്തിയതിനുമെല്ലാം കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സഹോദരിമാര്‍ക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ പറയുന്നു.

Signature-ad

രണ്ട് വീട്ടിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് 20 അടിയോളം ഉയരത്തിലാണ് നഗരസഭയുടെ പാത. ഇവിടെനിന്ന് താഴേക്കുള്ള പടികളിലൂടെ വേണം വീടുകളിലേക്കെത്താന്‍. സമീപത്ത് മറ്റ് വീടുകളുമില്ല. 20 വര്‍ഷംമുമ്പാണ് ഇവര്‍ കവളപ്പാറയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. പത്മിനി സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനനസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായുമാണ് പോലീസിന് ലഭിച്ച വിവരം.

ഇവരില്‍നിന്ന് സ്വര്‍ണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആള്‍ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാള്‍ പെയിന്റിങ്ങിനായി മുമ്പ് ഇവിടെ എത്തിയിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാകാം വീട്ടിനകത്തേക്ക് എത്തിയതെന്ന് സംശയിക്കുന്നുണ്ട്.

വീട്ടില്‍നിന്നിറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിടികൂടാനായത് സ്ത്രീയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്. സംഭവം നടന്ന വീടിനുസമീപം താമസിക്കുന്ന രജനിയാണ് തങ്കത്തിന്റെ വീടിനകത്തുനിന്ന് പുകയുയരുന്നതുകണ്ടും രക്ഷിക്കണേ എന്ന നിലവിളി കേട്ടും സമീപത്തുള്ളവരെ അറിയിച്ചത്. ഇവര്‍ കവളപ്പാറയിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം കണ്ടതെന്ന് പോലീസിനോട് പറഞ്ഞു.

മുന്‍വശത്തെ വാതില്‍ തുറന്നപ്പോള്‍ വീടിനകത്തുനിന്നും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെയാണ് പിന്നീട് നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പോലീസ് അന്വേഷണം. പട്ടാമ്പി സ്വദേശിയായ ഇയാള്‍ എന്തിനിവിടെ വന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അതേസമയം, പിടികൂടിയയാളുടെ പേരില്‍ പട്ടാമ്പി, തൃത്താല പോലീസ് സ്റ്റേഷനില്‍ കേസുള്ളതായും പോലീസ് സ്ഥിരീകരിച്ചു.

Back to top button
error: