കൊച്ചി:എറണാകുളം ശിവക്ഷേത്രം ജീവനക്കാരനെ ഊട്ടുപുരയില്‍ മദ്യപിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ക്ഷേത്രത്തിലെ കൗണ്ടര്‍ അസിസ്റ്റന്‍റ് ഷാനു എം. മോഹനെ ആഗസ്റ്റ് 19ന് എറണാകുളത്തപ്പൻ ഹാളിന് മുകളിലെ മുറിയില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത് സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസെടുത്തത്. ഇയാളെ ദേവസ്വം കമീഷണര്‍ 21ന് സസ്പെൻഡ് ചെയ്തിരുന്നു.
ദേവസ്വം ഓഫിസറും ഷാനുവുമടക്കം നാല് ജീവനക്കാര്‍ ഊട്ടുപുരയുടെ മുകളിലെ മുറികളിലാണ് താമസിക്കുന്നത്. ഊട്ടുപുരയുടെ മുകളിലെ രണ്ട് മുറികളും വിവാഹ പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. ജീവനക്കാരൻ മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നത് വിവാഹ പാര്‍ട്ടിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
ക്ഷേത്രോത്സവത്തിന് മദ്യപിച്ച് എത്തിയതിന് വളഞ്ഞമ്ബലം ക്ഷേത്രം സംബന്ധി ദിലീപ്കുമാറിനെ ഫെബ്രുവരിയില്‍ സസ്പെൻഡ് ചെയ്തിരുന്നു. ക്ഷേത്ര ജീവനക്കാര്‍ മദ്യപിച്ചെത്തുന്ന സംഭവങ്ങള്‍ ദേവസ്വം ബോര്‍ഡ് ലാഘവത്തോടെയാണ് കാണുന്നതെന്നും വടിയെടുക്കാതെ നിവൃത്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.