മണ്ണിലും വെള്ളത്തിലും വേഗത്തില്‍ അലിയുമെന്നും പ്രകൃതിക്ക് ദോഷകരമല്ലെന്നുമായിരുന്നു പേപ്പര്‍ കപ്പുകളുടെ ഗുണമായി പറഞ്ഞിരുന്നത്.എന്നാലിതൊന്ന് വായിക്കുന്നത് നന്നായിരിക്കും.
ഓണക്കാലമായതിനാല്‍ പായസം കുടിക്കാൻ പലരും പേപ്പര്‍ കപ്പുകളാണ് ഉപയോഗിക്കാറ്. എന്നാല്‍ കടലാസ് കപ്പില്‍ പേരിന് മാത്രമേ കടലാസ് ഉള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്ലാസ്റ്റിക് കപ്പുകള്‍ പോലെ തന്നെ വിഷമുള്ളതാണ് പേപ്പര്‍ കപ്പുകളെന്ന് സ്വീഡനിലെ ഗോഥെൻബര്‍ഗ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പ്ലാസ്റ്റിക് കപ്പുകള്‍ പോലെ തന്നെ കടലാസ് കപ്പുകളും മണ്ണിലോ വെള്ളത്തിലോ അലിഞ്ഞു ചേരുന്നില്ലെന്നും ഇവർ പറയുന്നു.
“ഞങ്ങള് കടലാസ് കപ്പുകളും പ്ലാസ്റ്റിക് കപ്പുകളും ഈര്‍പ്പമുള്ള മണ്ണിലും വെള്ളത്തിലും ഏതാനും ആഴ്ചകളോളം ഉപേക്ഷിച്ചു. ഇത് കൊതുകളുടെ ലാര്‍വകളുടെ വളര്‍ച്ചയെ അനുകൂലമാക്കി അതല്ലാതെ മറ്റൊരു പ്രയോജനവും അതുകൊണ്ട് ഉണ്ടായില്ല.” ഗോഥെൻബര്ഗ് സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസറായ ബെഥാനി കാര്‍ണി അല്‍മ്റോത്ത് പറഞ്ഞു.
സാധാരണ പ്ലാസ്റ്റിക്കിന്റെ അത്രയും രാസവസ്തുക്കളെങ്കിലും ബയോപ്ലാസ്റ്റിക്‌സില്‍ അടങ്ങിയിട്ടുണ്ടെന്ന് അല്‍മ്റോത്ത് പറഞ്ഞു. ഇത് മൃഗങ്ങളുടെ വയറ്റിലെത്തിയാലും അപകടമാണ്.പ്ലാസ്റ്റിക്കിലെ ചില രാസവസ്തുക്കള്‍ വിഷാംശമുള്ളവയാണെന്ന് അറിയാം, മറ്റുള്ളവയെക്കുറിച്ച് നമുക്ക് അറിവില്ല. പേപ്പര്‍ കപ്പുകളിലും പ്ലേറ്റുകളിലും ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും അല്‍മ്റോത്ത് പറയുന്നു.