NEWSWorld

ജീവനക്കാര്‍ നോക്കി നില്‍ക്കേ 50 അംഗ കവര്‍ച്ചാ സംഘം; മോഷ്ടിച്ച് കടത്തിയത് 84 ലക്ഷം വിലമതിക്കുന്ന വസ്തുക്കള്‍

ലോസ് ഏയ്ഞ്ചല്‍സ്: അമേരിക്കന്‍ ആഢംബര ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറായ നോര്‍ഡ്‌സ്ട്രമിന്റെ ഷോറൂമില്‍ നിന്ന് ഒരുലക്ഷം ഡോളര്‍ (ഏകദേശം 84 ലക്ഷം രൂപ) വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ചാസംഘം മോഷ്ടിച്ചു. മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമികള്‍ ബിയര്‍ സ്‌പ്രേ പ്രയോഗിച്ചു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ടോപാങ്ക മാളിലെ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറായിരുന്നു അക്രമികളുടെ ലക്ഷ്യം. വിലകൂടിയ വസ്ത്രങ്ങളും ബാഗുകളുമാണ് കവര്‍ച്ചാ സംഘം മോഷ്ടിച്ചത്. വളരെ പെട്ടെന്നായിരുന്നു ആക്രമണം ഉണ്ടായതെന്നും കവര്‍ച്ചാ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സ്ഥലത്തെത്തിയ കവര്‍ച്ചാ സംഘം പലസാധനങ്ങളും തകര്‍ക്കുകയും വിലപിടിപ്പുള്ള വസ്തുകള്‍ മോഷ്ടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്റ്റോറില്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന ജീവനക്കാരെയും കാണാം. ചിലര്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ ഉണ്ട്. ബിഎംഡബ്ലിയു ഉള്‍പ്പെടെയുള്ള വിലകൂടിയ വാഹനങ്ങളുമായാണ് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.

Back to top button
error: