തിരുവനന്തപുരം:ഗണേശ്‌കുമാര്‍ എംഎല്‍എയെ എൽഡിഎഫിൽ നിന്നും അടര്‍ത്തിയെടുക്കാനുള്ള നീക്കം സജീവമാക്കി യുഡിഎഫ് നേതൃത്വം. സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ ഗണപതി പരാമര്‍ശവിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയ എൻഎസ്‌എസ് നേതൃത്വത്തിന് ഒപ്പം നില്‍ക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗണേശ് കുമാറിനെ മുന്നണിയിലെത്തിക്കാൻ നീക്കം സജീവമാക്കിയത്.
ഇടതുമുന്നണിയുമായുള്ള ഗണേശ് കുമാറിന്റെ ബന്ധം വഷളാകുന്നുവെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. ഗണേശ് കുമാറിനെ ഉള്‍പ്പെടെ എത്തിച്ച് മുന്നണി വിപൂലീകരണമാണ് ലക്ഷ്യം. സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ ഗണപതി പരാമര്‍ശവിവാദത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ച എൻ എസ് എസിനൊപ്പമായിരുന്നു ഗണേശ്. ഗണേശ്‌കുമാര്‍ എൻ.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. എൻ.എസ്.എസിനും ഗണേശ്‌കുമാര്‍ ഇടതുമുന്നണിയില്‍ തുടരുന്നതിനോട് താത്പര്യമില്ലെന്നാണു സൂചന. കേരളാ കോണ്‍ഗ്രസ് (ബി)യുടെ മുന്നണി മാറ്റത്തില്‍ എസ്‌എസ്‌എസിന്റെ നിലപാടും അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
മന്ത്രിസഭാ രൂപീകരണ സമയത്ത് ഇടതു മുന്നണിയില്‍ എടുത്ത ധാരണപ്രകാരം ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകാൻ ഇടയില്ല. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് അടക്കം ഗണേശ്‌കുമാറിനെതിരെ മുന്നണി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഗണേശ്‌കുമാറിനെ മന്ത്രിയാക്കുന്നതിനെതിരേ അദ്ദേഹത്തിന്റെ സഹോദരിതന്നെ മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സമീപിച്ചതടക്കം വിവാദമായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണു ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗണേശ്‌കുമാറുമായി ആശയവിനിമയം നടത്തിയത്.
യു.ഡി.എഫില്‍ മടങ്ങിയെത്തിയാല്‍ കേരള കോണ്‍ഗ്രസി(ബി)ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലും പത്തനാപുരത്തും ഗണേശിന്റെ പാര്‍ട്ടിക്ക് നല്‍കാനാണ് യുഡിഎഫിലെ ധാരണ.